Lakshadweep| ലക്ഷദ്വീപില്‍ ഇനി തേങ്ങ പറിക്കാനും അനുമതി വേണം; ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം, കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് വിമര്‍ശനം

Jaihind News Bureau
Wednesday, September 10, 2025

ലക്ഷദ്വീപില്‍ തെങ്ങുകളില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് ദ്വീപ് ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളിലെ തെങ്ങുകളില്‍ നിന്ന് തേങ്ങ പറിക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. റോഡുകളോട് ചേര്‍ന്നുള്ള തെങ്ങുകളില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അനുമതി വാങ്ങണമെന്നാണ് പുതിയ ഉത്തരവ്.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ മുകുന്ദ് വല്ലഭ് ജോഷിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങള്‍ക്ക് അപകടം സംഭവിക്കുന്നത് തടയുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങിയ സുരക്ഷാ കാരണങ്ങളാണ് അധികൃതര്‍ ഈ നീക്കത്തിന് കാരണമായി പറയുന്നത്.

പുതിയ ഉത്തരവ് അനുസരിച്ച്, തേങ്ങ പറിക്കുന്നവര്‍ അംഗീകൃത ക്ലൈംബിംഗ് ഗിയര്‍ ഉപയോഗിക്കണം. താഴെയുള്ളവര്‍ ഹെല്‍മെറ്റും ഗ്ലൗസും ധരിക്കണം. കൂടാതെ, തിരക്കേറിയ സമയങ്ങളിലും, സ്‌കൂള്‍ സമയങ്ങളിലും, തുറമുഖങ്ങളില്‍ കപ്പലുകള്‍ വരുന്ന സമയങ്ങളിലും തേങ്ങ പറിക്കാന്‍ അനുവാദമില്ല. തെങ്ങിന് ചുറ്റും 10 മീറ്റര്‍ സുരക്ഷാ വലയം ഒരുക്കണം. തേങ്ങ പറിക്കുമ്പോള്‍ ഒരു സൂപ്പര്‍വൈസര്‍ നിലത്ത് നിന്ന് കാല്‍നടയാത്രക്കാരെയും വാഹനങ്ങളെയും നിയന്ത്രിക്കണം എന്നും ഉത്തരവില്‍ പറയുന്നു. ഈ നിയന്ത്രണങ്ങള്‍ ലക്ഷദ്വീപ് നിവാസികളുടെ പരമ്പരാഗത ഉപജീവനമാര്‍ഗ്ഗമായ തെങ്ങുകൃഷിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിമര്‍ശനം.

ഉത്തരവ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ദ്വീപ് നിവാസികള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് ഡി.സി.സി. പ്രസിഡന്റ് എം.ഐ. ആറ്റക്കോയ പറയുന്നതനുസരിച്ച്, തേങ്ങ വീണ് ഒരാള്‍ പോലും മരിച്ചിട്ടില്ലാത്ത ദ്വീപില്‍ ഇത്തരം നിയന്ത്രണങ്ങള്‍ വിചിത്രമാണ്. ഇത് ജനങ്ങളെ തേങ്ങ പറിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അഭിഭാഷകനായ അജ്മല്‍ അഹമ്മദ് ആര്‍. നല്‍കിയ നിവേദനത്തില്‍, ഉത്തരവ് പുറത്തിറക്കുന്നതിന് മുന്‍പ് കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് പറയുന്നു. ജില്ലാ കളക്ടര്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.