പെരിയ ഇരട്ടക്കൊലപാതകം : സർക്കാരിന് വേണ്ടി ഹാജരാകുന്നത് ബി.ജെ.പി സഹയാത്രികരായ അഭിഭാഷകർ

Jaihind News Bureau
Tuesday, March 3, 2020

 

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യത്തെ ഹൈക്കോടതിയിൽ എതിർക്കുന്ന സർക്കാറിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത് ബി.ജെ.പി നേതാക്കളായ അഭിഭാഷകർ. കേസന്വേഷണം അട്ടിമറിക്കാൻ സി.ബി.ഐയെ സ്വാധീനിക്കാനുള്ള സർക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും നീക്കത്തിന്‍റെ ഭാഗമായാണ് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന ബി.ജെ.പി സഹയാത്രികരായ അഭിഭാഷകരെ കൊണ്ടുവന്നതെന്ന ആരോപണം ശക്തമാവുകയാണ്.

ഒന്നാം നരേന്ദ്ര മോദി സർക്കാറിന്‍റെ കാലത്ത് സോളിസിറ്റർ ജനറലായി പ്രവർത്തിച്ച മഹീന്ദർ സിംഗ്, രഞ്ജിത് കുമാർ എന്നീ അഭിഭാഷകരാണ് സി.ബി.ഐ അന്വേഷണത്തെ എതിർത്തുകൊണ്ട് സർക്കാറിന് വേണ്ടി ഹാജരാകുന്നത്. ഒരു സിറ്റിംഗിന് 25 ലക്ഷം രൂപ ഫീസായി വാങ്ങുന്ന ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന അഭിഭാഷകരെ സർക്കാർ കൊണ്ടുവന്നത് സി.ബി.ഐയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനും ഉന്നത സി.പി.എം നേതാക്കളെ രക്ഷിക്കാനുമാണെന്നാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ബന്ധുക്കളും കോൺഗ്രസ് നേതാക്കളും പറയുന്നത്.

സംസ്ഥാന സർക്കറും സി.പി.എം നേതൃത്വവും പ്രതിക്കുട്ടിലായ കേസുകളിൽ എല്ലാം സി.പി.എം സഹയാത്രികരും മുൻ സി.പി.എം നേതാക്കളുമായ അഭിഭാഷകർ കോടതിയിൽ ഹാജരാകുമ്പോൾ പെരിയ കേസിൽ മാത്രം ബി.ജെ.പി നേതാക്കളെ രംഗത്തിറക്കി സി.ബി.ഐ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുന്നത്. സി.പി.എം നേതൃത്വവും ബി.ജെ.പി ദേശീയ നേതൃത്വവും തമ്മിൽ രഹസ്യ ധാരണ നിലനിൽക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് പ്രത്യക്ഷത്തിൽ തന്നെ ഉന്നത സി.പി.എം നേതാക്കളെ കേസിൽ നിന്നും രക്ഷപ്പെടുത്താനും പെരിയ കേസ് അട്ടിമറിക്കാനുമായി സി.പി.എം നേതൃത്വത്തിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും അറിവോടെ ബി.ജെ.പി നേതാക്കളെ രംഗത്തിറക്കിയിരിക്കുന്നത്.

സി.പി.എമ്മും ബി.ജെ.പിയും ഉൾപ്പെട്ടെ മലബാറിലെ പല കൊലപാതക കേസുകളിലും ഇരു പാർട്ടികളിലെയും ഉന്നത നേതാക്കൾ പ്രതികളാകാതെ രക്ഷപ്പെടുന്നത് സി.പി.എം – ബി.ജെ.പി രഹസ്യ ധാരണയുടെ പിൻബലത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ ഈ രഹസ്യമാണ് ഇപ്പോൾ സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താൻ മുൻ സോളിസിറ്റർ ജനറലായിരുന്ന ബി.ജെ.പി നേതാക്കൾ നേരിട്ട് കോടതിയിൽ എത്തുന്നതിലൂടെ പുറത്ത് വന്നിരിക്കുന്നത്.