സിപിഎം രക്തദാഹത്തിന്‍റെ ഇരകള്‍, മായാത്ത നോവായി കൃപേഷും ശരത്‌ലാലും; രക്തസാക്ഷിത്വത്തിന് ഇന്ന് അഞ്ചാണ്ട്

Jaihind Webdesk
Saturday, February 17, 2024

 

കാസർഗോഡ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിൻ്റെയും ക്യപേഷിൻ്റെയും രക്തസാക്ഷിത്വത്തിന് അഞ്ചാണ്ട്. കേരളത്തെ ആകെ ഞെട്ടിച്ച കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് അഞ്ച് വർഷം തികയുന്നു. കല്യോട്ടെ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും സിപിഎം ഗുണ്ടകള്‍ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണയും അന്തിമഘട്ടത്തിലാണ്.

2019 ഫെബ്രുവരി 17 ന് രാത്രി 7.35 ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ സിപിഎം പ്രവർത്തകർ വാഹനങ്ങളിൽ പിന്തുടർന്ന് രാഷ്ട്രീയ വിരോധം കാരണം മൃഗീയമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മിനെതിരെ കടുത്ത പ്രതിഷേധം അലയടിച്ച കേസിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠനടക്കം 24 പ്രതികളാണുള്ളത്. പ്രതികളിൽ 11 പേർ 2019 ഫെബ്രുവരി മുതൽ
ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കി മാർച്ച് മാസത്തിൽ വിധിയുണ്ടാകുമെന്നാണ് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചിയിലെ സിബിഐ കോടതിയിൽ ശരത്‌ലാല്‍, കൃപേഷ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. കേസന്വേഷണം സിബിഐക്ക് വിടുന്നതിനെതിരെ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് വാദിച്ചെങ്കിലും പരമോന്നത നീതിപീഠം അന്വേഷണം
സിബിഐക്ക് കൈമാറി.

കല്യോട്ട് പെരുങ്കളിയാട്ടത്തിന്‍റെ സ്വാഗത സംഘം രൂപീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ അക്രമിസംഘം ഇരുവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഇരുവരുടെയും കൊലപാതകത്തെ തുടർന്ന് ഉയർന്ന് വന്ന വിമർശനവും ജനരോഷവും കാരണം സിപിഎം കടുത്ത പ്രതിരോധത്തിൽ ആയിരുന്നു. കേസിൻ്റെ വിധി മാർച്ച് മാസം വരുമെന്ന പ്രതീക്ഷയിലാണ് കൃപേഷിൻ്റെയും ശരത്‌ലാലിൻ്റെ കുടുംബവും കോൺഗ്രസ് പ്രവർത്തകരും. കേസിൽ പ്രതികളായ ഉന്നത നേതാക്കൾ ശിക്ഷിക്കപ്പെടുമോയെന്ന ആശങ്ക സിപിഎം നേതത്വത്തിനുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറിയേക്കും.