പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് അച്ഛന്‍… എന്നിട്ടും പുറത്താക്കി; സിപിഎമ്മിനെതിരെ ആഞ്ഞിടിച്ച് പീതാംബരന്‍റെ ഭാര്യയും മകളും

Jaihind Webdesk
Wednesday, February 20, 2019

കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞിടിച്ച് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേസിലെ പ്രതിയുമായി പീതാംബരന്‍റെ ഭാര്യയും മകളും. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് അച്ഛന്‍. സിപിഎമ്മിന് വേണ്ടി നിന്നിട്ട് ഇപ്പോള്‍ പാര്‍ട്ടി പുറത്താക്കി. കൊലപാതകം പാര്‍ട്ടി അറിയാതെ നടക്കില്ലെന്ന് ഭാര്യ മഞ്ജുവും മകള്‍ ദേവികയും വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൊണ്ടാണ് നടപടിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന പുതിയ ആരോപണമാണ് പരോക്ഷമായി പീതാംബരന്‍റെ കുടുംബം ഉയര്‍ത്തുന്നത്.

കൊല്ലാന്‍ പറഞ്ഞതും പാര്‍ട്ടി കൊല നടത്തിയപ്പോള്‍ ഒളിപ്പിച്ചതും പാര്‍ട്ടി, ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പോലീസിന് പിടിച്ചുകൊടുത്തതും പാര്‍ട്ടി തന്നെ എന്നാണ് പീതാംബരന്‍റെ ഭാര്യയും മകള്‍ ദേവികയും മാധ്യമങ്ങളോട് തുറന്നടിച്ചത്.

രാഷ്ട്രീയ അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് പെരിയയില്‍ നടന്ന ഇരട്ടകൊലപാതകമെന്ന് പറഞ്ഞ മഞ്ജുവും ദേവികയും പാര്‍ട്ടിക്ക് വേണ്ടി നിന്നിട്ട് ഒടുവില്‍ പാര്‍ട്ടി കൈവിട്ടെന്ന പരാതിയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടി അറിഞ്ഞു ചെയ്യില്ലെന്നും മേഖലാ ജാഥ നടക്കുമ്പോള്‍ പാര്‍ട്ടി അങ്ങനെ ചെയ്യുമോ പാര്‍ട്ടിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്ന് കരുതുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആണയിടുന്ന സിപിഎം നേതാക്കളും ഇതോടെ പ്രതിക്കൂട്ടിലാവുകയാണ്. എന്നാല്‍ പാര്‍ട്ടി പറയാതെ പീതാംബരന്‍ ചെറുവിരലനക്കില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന ആളാണ്‌ പീതാംബരനെന്നും ഉള്ള പീതാംബരന്‍റെ ഭാര്യയുടെയും മകളുടെയും വാക്കുകളും ഇതിനെ ഉറപ്പിക്കുന്നതാണ്. ഇതിനൊപ്പം തന്നെ ചേര്‍ത്ത് വായിക്കാവുന്നതാണ് പീതാംബരന്‍റെ കുറ്റസമ്മതവും. ഇതോടെ സിപിഎം നേതാക്കളുടെ അവകാശവാദങ്ങള്‍ അപ്പാടെ തകരുകയാണ്.

സിപിഎമ്മിന്‍റെ ഒരു വെറും ലോക്കല്‍ കമ്മിറ്റി അംഗത്തിന് പാര്‍ട്ടി അറിയാതെ രണ്ടു ചെറുപ്പക്കാരെ അരിഞ്ഞുവീഴ്ത്താന്‍ ധൈര്യം ഉണ്ടാകുമോ എന്ന് മലബാറിന്‍റെ കൊലപാതകരാഷ്ട്രീയം അറിയുന്നവര്‍ക്ക് ഒരു സംശയവും ഉണ്ടാകാന്‍ സാധ്യതയില്ല.

മുഖ്യപ്രതിയായ പീതാംബരന്‍ കാസര്‍ഗോഡ് ജില്ലയിലെ പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഇന്നലെ പീതാംബരന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതി പിടിയിലായതോടെയാണ് പീതാംബരനെ പുറത്താക്കി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്.

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെല്ലാം സിപിഎമ്മവുമായി ബന്ധമുള്ളവരാണെന്നതും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.