പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

Thursday, August 5, 2021

 

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബിഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം. രണ്ടു വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്നും കോടതി നിരീക്ഷിച്ചു.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.  2019 സെപ്​റ്റംബറിലാണ് അന്വേഷണം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ടത്. പെരിയ കേസില്‍ കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തോട് തുടക്കം മുതല്‍ സംസ്ഥാന സർക്കാർ പുറംതിരിഞ്ഞ് നിന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കള്‍ നിലപാടെടുത്തു. എന്നിട്ടും എല്ലാം നേർവഴിക്കാണെന്ന വാദത്തിലായിരുന്നു സർക്കാർ. അവസാനം ഹൈക്കോടതിയില്‍‌ നിന്നും സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് വന്നു. അപ്പോഴും സർക്കാർ വഴങ്ങിയില്ല. നിയമ പോരാട്ടം ഡിവിഷന്‍ ബെഞ്ചിന് മുന്നിലും എത്തി. എല്ലായിടത്തും തിരിച്ചടി നേരിട്ടപ്പോഴും കേസ് രേഖകള്‍ വിട്ടു കൊടുക്കാതെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ അവിടെയും തിരിച്ചടി നേരിട്ടു. ഒടുവില്‍ കേസ് സിബിഐ അന്വേഷിക്കുന്നത് തടയണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളുകയായിരുന്നു. കേസിന്‍റെ രേഖകൾ എത്രയും വേഗത്തിൽ പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

ഒരു കോടിയോളം രൂപയാണ് കേസിലെ അഭിഭാഷകർക്കായി മാത്രം പൊതുഖജനാവില്‍ നിന്ന് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. വിവിധ ഘട്ടങ്ങളിൽ ഹാജരായ അഭിഭാഷകർക്ക് മാത്രം  88 ലക്ഷം രൂപയാണ് നൽകിയിരിക്കുന്നത്. ഇതിൽ തന്നെ മുതിർന്ന അഭിഭാഷകനായ മനീന്ദർ സിംഗിന് തന്നെ 60 ലക്ഷത്തോളം രൂപയാണ് നൽകിയത്. നാലു ദിവസം അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ മാത്രം വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയടക്കം 2,92,337 രൂപയും ചെലവിട്ടു.