പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ

Jaihind News Bureau
Wednesday, August 19, 2020

 

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ. കേസിലെ 2 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.

പെരിയയിലെ 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സംബന്ധിച്ച സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ തുടക്കം മുതലേ എതിർത്തിരുന്നു. ഇതു സബന്ധിച്ച സർക്കാരിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ പരിഗണനയിലാണ്. ഡിവിഷൻ ബഞ്ച് അപ്പീൽ ഹർജിയിൽ വിധി പറഞ്ഞാൽ മാത്രമെ അന്വേഷണം തുടരാനാകൂ എന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.  ഇതുകൊണ്ട് മാത്രമാണ് അന്വേഷണം തടസപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് പെരിയ ഇരട്ടക്കൊലകേസന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. കേസെറ്റെടുത്ത് സിബിഐ -എഫ് ഐ ആർ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.

അപ്പീൽ വിധിക്ക് ശേഷം മതി സിബിഐ അന്വേഷണം എന്ന പരാമർശം നേരത്തെ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് സിബിഐ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇതാണ് തങ്ങളുടെ അന്വേഷണത്തിന് തടസ്സമെന്നും സി ബി ഐ ഇന്ന് കോടതിയെ അറിയിക്കുകയുണ്ടായി. കേസിലെ 2 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.

പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട കൃപേഷിന്‍റേയും- ശരത് ലാലിന്‍റേയും രക്ഷിതാക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ പൊലീസ് നല്‍കിയ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസന്വേഷിച്ച പൊലീസ് സംഘം ഹൈക്കോടതിയിൽ രൂക്ഷവിമര്‍ശനമാണ് നേരിട്ടത്.