പെരിയയില്‍ വീണ്ടും സർക്കാരിന് തിരിച്ചടി ; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

Jaihind News Bureau
Friday, September 25, 2020

 

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസില്‍ സർക്കാരിന് വീണ്ടും തിരിച്ചടി. കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ശരത്‌ലാലിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണം.  ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് നടപടി. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്‌ലാൽ (24) എന്നിവരെ ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.