പെരിയ: സിബിഐയ്ക്ക് കൈമാറിയതിനെതിരായ സർക്കാർ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Jaihind News Bureau
Tuesday, August 25, 2020

 

കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് സി.ബി.ഐക്ക് കൈമാറി ഒമ്പത് മാസം തികഞ്ഞിട്ടും വിധി പറയാത്തത് അന്വേഷണത്തെ തടസപ്പെടുത്തി എന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ട്  ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും രക്ഷിതാക്കൾ ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കഴിഞ്ഞ  നവംബര്‍ 16 നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയത്. കേസില്‍ വിധി വരുന്നത് വരെ തുടര്‍നടപടി വേണ്ടെന്ന് കോടതി വാക്കാല്‍ സിബിഐയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ 9 മാസവും 9 ദിവസവും പിന്നിട്ടിട്ടും വിധി വന്നില്ല.

2001 ല്‍ അനില്‍ റായ് v/s ബീഹാര്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖ ചൂണ്ടിക്കാട്ടിയാണ് ശരത്തിന്‍റേയും കൃപേഷിന്‍റെയും രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. വാദം പൂര്‍ത്തിയാക്കിയ കേസില്‍ ആറ് മാസമായിട്ടും കോടതി വിധി പുറപ്പെടുവിച്ചില്ലെങ്കില്‍ കേസിലെ കക്ഷികള്‍ക്ക് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വീണ്ടും വാദം കേട്ട് വിധി പറയണമെന്ന് ആവശ്യപ്പെടാനാകും. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഈ മാര്‍‍ഗരേഖ ഇവിടെ ലംഘിക്കപ്പെട്ടെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.

2019 സെപ്റ്റംബര്‍ 30 നാണ് കാസർഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിള്‍ ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 2019 ഒക്ടോബര്‍ 29ന് സിബിഐ 13 പ്രതികളെ ഉള്‍പ്പെടുത്തി എഫ്‌ഐഐആര്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ അപ്പീല്‍ വന്നതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു.

teevandi enkile ennodu para