പെരിയ ഇരട്ട കൊലപാതകം: സിപിഎം നേതാക്കള്‍ക്ക് വേണ്ടി ഹാജരാകാന്‍ സി.കെ ശ്രീധരന്‍; ചതിയെന്ന് കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും കുടുംബം

Jaihind Webdesk
Saturday, December 17, 2022

കൊച്ചി: പെരിയ ഇരട്ട കൊലക്കേസ് പ്രതികളായ സിപിഎം നേതാക്കൾക്ക് വേണ്ടി മുൻ കോൺഗ്രസ് നേതാവ് സി.കെ ശ്രീധരൻ കോടതിയിൽ ഹാജരാവും. കൊച്ചി സിബിഐ കോടതിയിലാണ് സി.കെ ശ്രീധരൻ ഹാജരാവുന്നത്. അതേസമയം സി.കെ ശ്രീധരന്‍റെ നടപടി ദുരൂഹമാണെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബം ആരോപിച്ചു. വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു. സി.കെ ശ്രീധരൻ തങ്ങളെ ചതിച്ചുവെന്നും ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി.കെ ശ്രീധരന്‍റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ എ പീതാംബരൻ, ഇരുപതാം പ്രതി മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമൻ, പതിമൂന്നാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ തുടങ്ങിയ പ്രമുഖർക്ക് വേണ്ടിയാണ് സി.കെ ശ്രീധരൻ കോടതിയിലെത്തുക. കഴിഞ്ഞ ദിവസം സി.കെ ശ്രീധരൻ പ്രതികൾക്ക് വേണ്ടി കോടതിയിലെത്തിയിരുന്നു. ഇരട്ട കൊലപാതകത്തിന്‍റെ നിയമ പോരാട്ടത്തിന്‍റെ എല്ലാ കാര്യങ്ങളെ കുറിച്ചും മുഴുവൻ വിവരങ്ങളും അറിയുന്ന സി.കെ ശ്രീധരൻ പ്രതികൾക്ക് വേണ്ടി ഹാജരാവുന്നത് നെറികേടാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം ആരോപിച്ചു.വീട്ടിലെ അംഗത്തെ പോലെ കേസിന്‍റെ എല്ലാ ഫയലുകളും ശ്രീധരൻ പരിശോധിച്ചെന്നും ഇതുസംബന്ധിച്ച് ബാർ കൗൺസിലിനും സിബിഐക്കും പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.

കോൺഗ്രസ് പ്രവർത്തകർ അതിവൈകാരികമായി കാണുന്ന ഒരു കേസിൽ മുൻ കോൺഗ്രസ് നേതാവ് പ്രതികൾക്ക് വേണ്ടി ഹാജരാവുന്നതിൽ കോൺഗ്രസ് പ്രവർത്തകരും അമർഷത്തിലാണ്. നേരത്തെ ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആയി പ്രവർത്തിച്ച സി.കെ ശ്രീധരൻ സിപിഎമ്മിന്‍റെ കണ്ണിലെ കരടായിരുന്നു. എന്നാൽ അധികാരത്തിന്‍റെ അപ്പക്കഷണത്തിന് വേണ്ടി മറുകണ്ടം ചാടി സിപിഎമ്മിനെ സഹായിക്കുന്ന ശ്രീധരൻ രാഷ്ട്രീയ ധാർമ്മികത എങ്കിലും പുലർത്താൻ തയാറാകണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.