പെരിയ : പ്രതികളുടെ ഭാര്യമാരുടെ നിയമനത്തില്‍ തെറ്റില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ; ന്യായീകരിച്ച് മറുപടി

Jaihind Webdesk
Monday, June 21, 2021

കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയതിനെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ബേബി ബാലകൃഷ്ണൻ. നിയമനം ലഭിച്ചത് യാദൃശ്ചികമെന്നും  മനുഷ്യാവകാശപരമായി നോക്കിയാൽ തെറ്റില്ലെന്നും  പ്രസിഡൻ്റ്  ന്യായീകരിച്ചു.  ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം പ്രതികളുടെ ഭാര്യമാർ ആയതിനാൽ നിഷേധിക്കാനാവില്ലെന്നും അവർ പറഞ്ഞു.

ആർഎംഒ അടക്കമുള്ള ആശുപത്രി അധികൃതർ നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കിയത്. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടില്ലെന്നും  പ്രസിഡന്‍റ്  കൂട്ടിച്ചേർത്തു. അതേസമയം പ്രതികളുടെ  ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയ സംഭവം ഇടതുമുന്നണിയിൽ വിഭാഗീയതക്കിടയാക്കി. പൊതുഖജനാവിലെ പണം ശമ്പളം നൽകി ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റാനുള്ള സിപിഎം നീക്കത്തിനെതിരെ ഘടകകക്ഷികളിലും എതിർപ്പ് രൂക്ഷമാണ്.