ആർത്തവ വിലക്കുകൾക്ക് എതിരായ ഇന്ത്യൻ സ്ത്രീകളുടെ വിപ്ലവ കഥ പറയുന്ന പീരിയഡ് എൻഡ് ഓഫ് സെന്‍റൻസാണ് ഇത്തവണത്തെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഓസ്‌കാർ അവാർഡ് സ്വന്തമാക്കിയത്. വിദേശ ഭാഷാ ചിത്രത്തിനുള്ള മത്സരത്തിൽ നിന്ന് തഴയപ്പെട്ട ഇന്ത്യക്ക് ആശ്വാസമായാണ് ഈ ഹ്രസ്വ ചിത്രം പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.
ഉത്തർ പ്രദേശിലെ സ്ത്രീ ജീവിതത്തെ പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയാണ് പിരിയഡ് എൻഡ് ഏഫ് സെന്‍റൻസ് . ആർത്തവവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങലും , ഒരു കൂട്ടം സ്ത്രീകൾ അന്തസ്സോടെ ജീവിക്കാൻ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്‍റെ പ്രമേയം. പാഡ്മാൻ കഥാപാത്രമാക്കിയ അരുണാചലം മുരുഗാനന്ദന്‍റെ യഥാർത്ഥ ജീവിത കഥ ഈ ഡോക്യുമെന്ററിയിലും വിഷയമാണ്.
ഉത്തരേന്ത്യയിലെ ഹാപൂർ എന്ന ഗ്രാമമാണ് 26 മിനിറ്റ് ദൈർഘ്യമുള്‌ള ചിത്രത്തിന്‍റെ പശ്ചാത്തലം. ഗ്രാമത്തിൽ ഒരു പാഡ് മെഷീൻ സ്ഥാപിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. സിഖ് എൻർടെയ്ൻമെന്റും ഗെയ്‌നിത് മോംഗയും ചേർന്നാണ് പീരീയഡ് എൻഡ് ഓഫ് സെന്റൻസ് നിർമ്മിച്ചിരിക്കുന്നത്.