പെരിന്തൽമണ്ണ പോക്സോ കേസ് : പരാതി പിൻവലിക്കാൻ പൊലീസ് സമ്മർദ്ദം ; ആരോപണവുമായി കുട്ടിയുടെ അമ്മ

മലപ്പുറം : പെരിന്തൽമണ്ണ പീഡന കേസിൽ പരാതിക്കാരിയെ പൊലീസുകാർ അപമാനിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ സമ്മർദ്ദം. അച്ചടക്ക നടപടി ഒഴിവാക്കാൻ പരാതി പിൻവലിക്കണമെന്ന് എ.എസ്.ഐ ശശി പെൺകുട്ടിയുടെ അമ്മയോട് ഫോണിൽ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് പോക്സോ കേസ് പൊലീസ് ഒത്തുതീർപ്പാക്കി എന്ന പരാതിയുമായി ഇരയുടെ അമ്മ രംഗത്തുവന്നത്.

ഗുരുതര ആരോപണമാണ് പീഡനത്തിന് ഇരയായ നാലര വയസുകാരിയുടെ മാതാവ് പൊലീസിനെതിരെ ഉയർത്തിയത്. ഇക്കഴിഞ്ഞ പത്താം തീയതിയാണ് നാലര വയസുകാരിക്ക് നേരെ പീഡനം നടന്നതെന്ന് മാതാവ് പറയുന്നു. എന്നാൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ് ഒത്തു തീർപ്പാക്കി എന്നാണ് കുട്ടിയുടെ അമ്മയുടെ പ്രതികരണം. മാത്രമല്ല പണം വാങ്ങിയാണ് ഇരയുടെ അമ്മ കേസ് ഒത്തു തീർപ്പാക്കിയത് എന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചു എന്നും അമ്മ ഇന്ന് വെളിപ്പെടുത്തുകയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് പൊലീസിനെതിരായ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ സമ്മർദ്ദം ശക്തമായത്. അച്ചടക്ക നടപടി ഒഴിവാക്കാൻ പരാതി പിൻവലിക്കണമെന്ന് പെരിന്തൽമണ്ണ എ.എസ്.ഐ ശശി പെൺകുട്ടിയുടെ അമ്മയോട് ഫോണിൽ ആവശ്യപ്പെട്ടു. പൊലീസുകാരൻ്റെ ഫോൺ ശബ്ദമടക്കം അമ്മ പരാതി നൽകി. കുട്ടിയെ ഉപദ്രവിച്ച് ഒത്തുതീർന്നതു പോലെ സ്ത്രീയെ അപമാനിച്ച പരാതിയും തീർക്കണമെന്നായിരുന്നു പൊലീസുകാരൻ്റെ അഭ്യർത്ഥന. അതേസമയം. പൊലീസ് കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തു. എസ്.പിയുടെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ പൊലീസാണ് മൊഴിയെടുത്തത്. കുട്ടിക്കുണ്ടായ പീഡനം അമ്മ മൊഴിയായി വീണ്ടും നൽകി.

Comments (0)
Add Comment