പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ച; ബാലഭാസ്‌കറിന്റെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍

Jaihind Webdesk
Friday, November 29, 2024

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണകവര്‍ച്ചാ കേസില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റില്‍. ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം തട്ടിയ കേസിലാണ് അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്.

ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍ സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. ഇതിലൊരാള്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറായ തൃശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശി അര്‍ജുന്‍ ആണ്. 2018 സെപ്റ്റംബര്‍ 25ന് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചത് അര്‍ജുനായിരുന്നു.

അര്‍ജുന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തില്‍ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അപകടം നടക്കുമ്പോള്‍ കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് വരുത്താനും അര്‍ജുന്‍ ശ്രമിച്ചിരുന്നു. ബാലുവിന്റെ മാനേജര്‍ അടക്കം സ്വര്‍ണക്കടത്തില്‍ നേരത്തെ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജ്ജുനാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പുതിയ കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തല്‍മണ്ണ പോലീസ് പ്രതികരിച്ചു.  പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണത്തില്‍ 2.2 കിലോ സ്വര്‍ണ്ണവും, സ്വര്‍ണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വര്‍ണ്ണവും പണവും കണ്ടെടുത്തത്.