പേരാവൂർ സൊസൈറ്റി തട്ടിപ്പ്; നിക്ഷേപകർക്ക് സിപിഎം ജില്ലാ നേതൃത്വം പണം തിരിച്ചുനല്‍കണമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, October 9, 2021

 

കണ്ണൂർ : പേരാവൂർ ഹൗസിംഗ്‌ ബിൽഡിംഗ് സൊസൈറ്റിയിലെ നിക്ഷേപകർക്ക് സിപിഎം ജില്ലാ നേതൃത്വം പണം തിരിച്ചു നൽകണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജും സതീശൻ പാച്ചേനിയും ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ മകൾ ഉൾപ്പെടെയുള്ളവരാണ് ചിട്ടി തട്ടിപ്പിന് നേതൃത്വം നൽകിയതെന്ന് നേതാക്കള്‍ ആരോപിച്ചു.

ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ മകൾ ഉൾപ്പെടെയുള്ളവർ വീടുകയറിയാണ് ചിട്ടിയിൽ ആളുകളെ ചേർത്തിട്ടുള്ളത്. പ്രായമായവരെ ഒരു ലക്ഷം രൂപയുടെ ലോൺ എടുപ്പിക്കുകയും അവർ അറിയാതെ  രണ്ടും മൂന്നും ലക്ഷം ആക്കി ലോണ്‍ മാറ്റി എഴുതി എടുത്തിരിക്കുകയും ചെയ്തതായും നേതാക്കള്‍ പറഞ്ഞു.

സിപിഎം ജില്ലാ നേതൃത്വം ഈ അഴിമതിക്ക് കൂട്ടുപിടിക്കുകയാണ്. കേരളത്തിലുടനീളം ഭരണത്തിന്‍റെ തണലിൽ കോടികളുടെ അഴിമതിയാണ് സഹകരണ സ്ഥാപനങ്ങളെ മറയാക്കി നടത്തിക്കൊണ്ടിരിക്കുന്നതെന്നും നേതാക്കൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.