പേരാമ്പ്രയിലെ പൊലീസ് മര്‍ദ്ദനം ആസൂത്രിതമെന്ന് ഷാഫി പറമ്പില്‍ എം പി. ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിരുന്നുവെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും, തങ്ങള്‍ പ്രകോപനത്തിന് പോയവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് അതിക്രമത്തിന്റെ അടിസ്ഥാന കാരണം ശബരിമല വിഷയം തന്നെയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ നിന്ന് ചര്‍ച്ച വഴി തിരിച്ചു വിടാനായിരുന്നു അക്രമം നടത്തിയത്. ക്ഷേത്രത്തിലേക്ക് നോക്കുമ്പോള്‍ വിശ്വാസികള്‍ പൊന്നയ്യപ്പനെ കാണുന്നുവെങ്കില്‍, സര്‍ക്കാര്‍ കാണുന്നത് പൊന്നു മാത്രമെന്ന് പരിഹസിച്ച അദ്ദേഹം ശബരിമലയിലെ കൊള്ള വിശ്വാസിയും അവിശ്വാസിയും ഒരുപോലെ ഉള്‍ക്കൊള്ളില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അക്രമം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുകയോ രാജി ആവശ്യപ്പെടുകയോ ചെയ്യാത്തതില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ രാജി ആവശ്യപ്പെടാത്തത് സര്‍ക്കാരിനും പങ്കുള്ളതുകൊണ്ടാവും. മര്‍ദ്ദനത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
സംഘര്‍ഷത്തിന് ശേഷം ബോധപൂര്‍വം വ്യാജ പ്രചാരണം നടന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റിട്ടും ഉടന്‍ ആശുപത്രിയില്‍ പോകാതിരുന്നത് സ്ഥിതിഗതി ശാന്തമാക്കാന്‍ വേണ്ടിയായിരുന്നു. എ.ഐ ടൂള്‍ ഉപയോഗിച്ച് അക്രമികളെ കണ്ടെത്താമെന്നിരിക്കെ, ‘എ.ഐ ടൂള്‍ എവിടെ പോയി’ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ നിര്‍ദ്ദേശപ്രകാരം അന്വേഷണം അവസാനിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഷാഫി പറമ്പില്‍ ഉന്നയിച്ചത്. സംഭവത്തിന് ശേഷം പൊലീസ് ഇതുവരെ തന്റെ മൊഴിയെടുത്തില്ല. മാത്രമല്ല, സംഭവം നടന്ന് ഇത്രയായിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. ഒരേ പൊലീസ് ഉദ്യോഗസ്ഥന് തന്നെ പലയിടത്തുവച്ച് മര്‍ദ്ദിച്ചു എന്നും, ഇത് അറിയാതെ പറ്റിപ്പോയതല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിന് നേതൃത്വം നൽകിയത് അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ്. മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണെന്നും വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.
ഡി.വൈ.എസ്.പി. ഹരിപ്രസാദിന്റെ കയ്യില്‍ ലാത്തിയും ഗ്രനേഡും ഉണ്ടായിരുന്നതായും, പൊലീസിന് ഗ്രനേഡ് മര്യാദയ്ക്ക് എറിയാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കഴിഞ്ഞയാഴ്ച പ്രത്യേക പരിശീലനം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ഇടപെടലില്‍ ഒരു പൊലീസുകാരനും പരിക്കു പറ്റിയിട്ടില്ല എന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. സംഘര്‍ഷത്തിനുശേഷം എം.പി. അഡ്മിറ്റായോ എന്ന് ഡി.വൈ.എസ്.പി. ഹരിപ്രസാദ് ചോദിച്ചത് ഈ വിഷയത്തില്‍ പോലീസിന്റെ താല്പര്യം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്.പിയ്ക്ക് കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നത് സമ്മര്‍ദ്ദം കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിച്ചയാളെ എന്തുകൊണ്ട് കണ്ടെത്തിയില്ല എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.