വര്‍ഗീയതയുടെ ക്യാപ്സൂള്‍ വിറ്റ് ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎമ്മിനെതിരായ ജനവിധി ; കെ.സി.വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, November 23, 2024


ഡല്‍ഹി : പ്രിയങ്കാ ഗാന്ധിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട് ജനതയോട് നന്ദി പറയുന്നുയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. പ്രിയങ്കാ ഗാന്ധിയെ വയനാട് ജനത ഹൃദയം കൊണ്ട് സ്വീകരിച്ചു. കേരളത്തെ ഹൈജാക്ക് ചെയ്യാനുള്ള ക്വട്ടേഷനുമായി വരുന്നവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന സന്ദേശം നല്‍കുന്നതാണ് പാലക്കാട്ടെ ജനവിധി. നേമത്തിന് ശേഷം ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലമാണ് പാലക്കാട്. അവിടെയാണ് യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വിള്ളലുണ്ടാക്കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചത്. അതുതന്നെയാണ് ആ വിജയത്തിന്റെ തിളക്കവുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

പാലക്കാട്ടെ വിജയം വര്‍ഗീയതയുടെ വിജയമായി ചിത്രീകരിക്കുന്ന എല്‍ഡിഎഫിന്റെ വാദം വലിയ തമാശയാണ്. യുഡിഎഫ് പാലക്കാട് വിജയിച്ചതിലും ബിജെപി അവിടെ തോറ്റത്തിലും സിപിഎമ്മും പാര്‍ട്ടി സെക്രട്ടി എം.വി ഗോവിന്ദനും വലിയ നിരാശയിലാണ്. അത് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ബിജെപിയെ പരജായപ്പെടുത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിക്കാന്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറാകാത്തത് അതിനാലാണ്.തോറ്റെങ്കിലും ചേലക്കരയില്‍ യുഡിഎഫ് മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ യുഡിഎഫിന് പതിനായിരം വോട്ടുകള്‍ വര്‍ധിപ്പിക്കാനായി.അതോടൊപ്പം എല്‍ഡിഎഫിന്റെ വോട്ടുകള്‍ വലിയതോതില്‍ കുറയ്ക്കാനും സാധിച്ചു.

ഭരണവിരുദ്ധവികാരമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ തടിതപ്പാന്‍ ശ്രമിക്കുന്നത് അവരെ വീണ്ടും അപകടത്തിലാക്കും.എല്‍ഡിഎഫിനും സര്‍ക്കാരിനും എതിരായ വോട്ടും ചേലക്കരയിലുണ്ടായിട്ടുണ്ട്. വിവാദങ്ങളിലല്ലാ ജനത്തിന് തല്‍പ്പര്യമെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. വര്‍ഗീയതയുടെ ക്യാപ്സൂള്‍ വിറ്റ് ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎമ്മിനെതിരായ ജനവിധിയാണ് വയനാടും പാലക്കാടും ചേലക്കരയിലും പ്രതിഫലിച്ചത്. സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന് എതിരായ ജനവിധി കൂടിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്ത്യാ സഖ്യത്തിന്റെ പരാജയം അവിശ്വസനീയമാണ്. അനുകൂല ട്രെന്റായിരുന്നു. പരാജയകാരണം പരിശോധിക്കും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി വലിയ തോതില്‍ പണം ഒഴുക്കി. അതിന് തെളിവാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ കള്ളപ്പണവുമായി പിടികൂടിയത്. ജാര്‍ഖണ്ഡില്‍ മികിച്ച പ്രകടനമാണ് കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.