അഞ്ചു പൈസയില്ലെങ്കിലും ധൂര്‍ത്തിനു കുറവില്ല; നാട്ടുകാര്‍ കടക്ക് പുറത്തു പറയുന്ന അവസ്ഥ; കെ മുരളീധരന്റെ ജനകീയ വിചാരണയാത്ര തുടങ്ങി

Jaihind News Bureau
Monday, November 3, 2025

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഇടതുമുന്നണി ഭരണത്തിന്റെ വീഴ്ചകള്‍ക്കെതിരെ മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. മുരളീധരന്‍ നയിക്കുന്ന ‘ജനകീയ വിചാരണ യാത്ര’യ്ക്ക് തുടക്കമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ യാത്ര ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍, സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

തിരുവനന്തപുരം നഗരത്തെ നരകതുല്യമാക്കിയ എല്‍.ഡി.എഫ്. ഭരണത്തിന് 2026-ല്‍ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നടത്തുന്നത് കേവലം കാപട്യമാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ ഭരിച്ച് ഈ സര്‍ക്കാര്‍ നരകമാക്കി. അഞ്ചു നയാ പൈസ ഇല്ലെങ്കിലും സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും നടത്തുന്നു. സര്‍ക്കാര്‍ നടത്തുന്നത് വലിയ കൊള്ളകളാണ്.

സര്‍ക്കാര്‍ പരാജയം ഉറപ്പാക്കിയതോടെയാണ് ഇപ്പോള്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ഇവയെല്ലാം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘പിആര്‍ പ്രോപ്പഗണ്ട’ മാത്രമാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ചെലവാക്കി എന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്ന 160 കോടി കോടിയില്‍ കേവലം 16 കോടി രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ചെലവഴിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ വിമര്‍ശനം കേട്ട് മന്ത്രി വി. ശിവന്‍കുട്ടിക്ക് ബോധം പോയ അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ഒടുവില്‍, കേരള ജനത ഒന്നായി പിണറായി വിജയനോട് ‘കടക്കൂ പുറത്ത്’ എന്ന് പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതായും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.