കൊല്ലം: ലോക കേരള സഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിനു പിന്നാലെ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബോംബ് ഉണ്ടാക്കുന്നവരെയും ഭരണഘടനക്കെതിരായി പ്രവർത്തിക്കുന്നവരെയും വിശുദ്ധവൽക്കരിക്കുമ്പോൾ ജനങ്ങൾ അതിനു നൽകിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ പരാജയമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ലോക കേരള സഭയിലേക്കുള്ള ക്ഷണം നിരസിച്ചതിലുള്ള പ്രതികരണവും ഗവർണർ നടത്തി. കഴിഞ്ഞ മൂന്ന് തവണ തന്നെ പരിപാടിയ്ക്ക് സർക്കാർ വിളിച്ചിട്ടില്ലെന്നും തന്നെ ആക്രമിച്ചവരുടെ പരിപാടിക്ക് താൻ എന്തിനു പോകണമെന്നും അദ്ദേഹം ചോദിച്ചു. ബോംബ് ഉണ്ടാക്കുന്ന സംസ്കാരത്തേയും അക്രമ സംസ്കാരത്തേയും തള്ളിക്കളഞ്ഞ കേരള ജനതയോടും, പ്രത്യേകിച്ച് കണ്ണൂരിലെ ജനങ്ങളേയും ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവർ ഭരണഘടനയ്ക്കും നിയമത്തിനുമെതിരേ പ്രവർത്തിക്കുന്നവരാണ്. അത്തരക്കാരുടെ പരിപാടിക്ക് പോകാൻ വേണ്ടിയാണോ നിങ്ങൾ എന്നെ പ്രേരിപ്പിക്കുന്നത് എന്ന് ചോദിച്ച ഗവർണർ താൻ പോകില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു.