സർക്കാരിനെതിരായ ജനവികാരം പിണറായിയെ പുതുപ്പള്ളിയിൽ മുട്ടുകുത്തിക്കും : കെ. സുധാകരൻ എംപി

Jaihind Webdesk
Saturday, September 2, 2023

 

കോട്ടയം: പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി.

തിരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്ചവെക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയിൽ അതിഥികളായി എത്തി മടങ്ങി. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പോലീസ് സന്നാഹത്തിൽ നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതുപോലും. സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്രവൃത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിൽ ഉണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ദയനീയ പരാജയമാണ് കാത്തിരിക്കുന്നത്. അത്രയേറെ ജനദ്രോഹഭരണമാണ് പിണറായി സർക്കാരിന്‍റേത്. ശക്തമായ ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയിലെ വോട്ടർമാർക്കിടയിൽ ഉണ്ട്. സർക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒന്നാന്തരം അവസരമായി അവർ പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ കാണുന്നു. സർക്കാരിന്‍റേതായി ഒരു വികസന നേട്ടം പോലും അവകാശപ്പെടാൻ ഇല്ലാത്ത ദയനീയ അവസ്ഥയിലാണ് മുഖ്യമന്ത്രി. കെ റെയിൽ പോലുള്ള കമ്മീഷൻ പദ്ധതികളും കെ ഫോൺ, എഐ ക്യാമറ പോലുള്ള അഴിമതി പദ്ധതികളും മാത്രമാണ് പിണറായി സർക്കാരിന് ഉയർത്തിക്കാട്ടാനുള്ള വികസന നേട്ടം.

ജനങ്ങൾക്ക് ഓണക്കാലത്ത് പോലും വറുതിയുടെ ദിനങ്ങൾ സമ്മാനിച്ച മുഖ്യമന്ത്രി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ലക്ഷങ്ങൾ ചെലവഴിച്ച് ഹെലികോപ്റ്റർ വാങ്ങി ജനത്തെ വെല്ലുവിളിക്കുകയാണ്. പാവപ്പെട്ട കർഷകന്‍റെ അധ്വാനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ല. തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളെ വഞ്ചിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു. ക്രമസമാധാനം തകർന്നതോടെ ഗുണ്ടകളും ക്രിമിനലുകളും കേരളം കയ്യടക്കി. അമിതലഹരിയുടെ ഉപയോഗം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ ഇടയാക്കി. പലപ്പോഴും പോലീസിന് കാഴ്ചക്കാരന്‍റെ റോൾ മാത്രം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ഒരു ആരോപണങ്ങൾക്കും വ്യക്തമായ മറുപടി പറയാൻ കഴിയാതെ എത്ര നാൾ സർക്കാരും സിപിഎം നേതൃത്വവും ഒളിച്ചോടുമെന്ന് കെ. സുധാകരന്‍ ചോദിച്ചു.

സർക്കാരിന്‍റെ കൂട്ടത്തരവാദിത്വം പോലും നഷ്ടപ്പെട്ടു. ഇടതുമുന്നണിയിൽ ഘടകകക്ഷികൾ അസ്വസ്ഥരാണ്. സിപിഎമ്മിന്‍റെ മാടമ്പി സ്വഭാവവും മറ്റു പാർട്ടികൾ അടിമകളാണെന്ന ചിന്താഗതിയും അവർക്കിടയിലെ സ്പർദ്ധ വർദ്ധിപ്പിക്കുന്നു. കർഷക വഞ്ചന തുടരുന്ന എൽഡിഎഫിൽ കടിച്ചു തൂങ്ങാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് എങ്ങനെ സാധിക്കുന്നുയെന്നും കെ. സുധാകരൻ എംപി ചോദിച്ചു.