ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാവില്ല; വെറുപ്പിന്‍റെ രാഷ്ട്രീയത്തെ ജനം അംഗീകരിക്കില്ല: രമേശ് ചെന്നിത്തല

 

മലപ്പുറം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

മോദിയുടെയും ആര്‍എസ്എസിന്‍റെയും ലക്ഷ്യം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുകയാണെന്നും എന്നാല്‍ അത് രാജ്യത്തെ ജനം തള്ളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാമനെ രാഷ്ട്രീയ ആയുധമാക്കാനും വെറുപ്പിന്‍റെ രാഷ്ട്രീയത്തിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നതും യഥാര്‍ത്ഥ വിശ്വാസികള്‍ അംഗീകരിക്കില്ല. അതിന്‍റെ തിരിച്ചടി തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളുടെ നിലപാട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ മോഹന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, സ്ഥാനാർത്ഥികളായ എം.പി. അബ്ദു സമദ് സമദാനി , ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ യുഡിഎഫ് മലപ്പുറം പാർലമെന്‍റ് മണ്ഡലം കൺവൻഷൻ മലപ്പുറത്ത് നടന്നു.

Comments (0)
Add Comment