ഇനിയൊരു വിസ്മയ ഉണ്ടാകരുത് ; ഹാഷ്ടാഗ് ക്യാമ്പയിന്‍ പോരെന്നും ഷാഫി പറമ്പില്‍ എംഎല്‍എ

ഇനിയൊരു വിസ്മയ ഉണ്ടാകരുതെന്ന് ഹാഷ്ടാഗ് കാമ്പയിൻ പോരെന്നും നമ്മുടെ കുട്ടികളെ കൊലക്ക് കൊടുക്കാതിരിക്കുവാനുള്ള ഉറച്ച തീരുമാനമാണ് വേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. പെൺകുട്ടികളുടെ ജീവിതം ധനാർത്തി പണ്ടാരങ്ങളുടെ മുന്നിൽ ഹോമിക്കാനുള്ളതല്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച വിസ്മയയുടെ വീട് യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്‍റ് ശബരീനാഥൻ, പ്രേംരാജ്, എ.ആർ നിഷാദ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് സന്ദർശിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സ്ത്രീധനം മരണ വാറന്‍റാണ് .

വാങ്ങുന്നവനും കൊടുക്കുന്നവരും ആ പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായി ഒപ്പിടുന്ന വാറന്‍റ്.

അതിന്‍റെ പേരിൽ കല്ല്യാണം കഴിച്ച് വരുന്ന പെൺകുട്ടി നേരിടേണ്ടി വരുന്ന ഓരോ കുത്തുവാക്കും കൊലപാതകത്തിന്‍റെ തുടക്കമാണ് .

ഇനിയൊരു വിസ്മയ ഉണ്ടാകരുത് എന്ന് ഹാഷ് ടാഗ് ക്യാംപെയിൻ പോരാ, നമ്മുടെ കുട്ടികളെ കൊലക്ക് കൊടുക്കാതിരിക്കുവാനുള്ള ഉറച്ച തീരുമാനമാണ് വേണ്ടത്.

നാണമില്ലാതെ സ്ത്രീധനം മോഹിച്ച് പെണ്ണ് ചോദിക്കില്ലെന്ന ചെറുപ്പക്കാരന്റെ ഉറപ്പ്

സ്ത്രീധനം ചോദിച്ച് വരുന്നവന് തന്നെ നേടാനുള്ള അർഹതയില്ലെന്ന പെൺകുട്ടിയുടെ ഉറപ്പ്

അവന് മകളെ കൊടുക്കില്ലെന്നും തന്റെ വീട്ടിലെ ആൺകുട്ടി സ്ത്രീധനം ചോദിക്കില്ലെന്നുമുള്ള രക്ഷിതാക്കളുടെ ഉറപ്പ്

നിങ്ങളുടെ ജീവന്‍ ഇത് പോലുള്ള ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുന്നിൽ ഹോമിക്കാനുള്ളതല്ല എന്ന പെൺകുട്ടികളുടെ ഉറപ്പ് .

യുവജന സംഘടന എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റും .

യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശബരീനാഥനും പ്രേംരാജും, ഏ.ആർ നിഷാദ് രാഹുല്‍ മാങ്കൂട്ടത്തിൽ തുടങ്ങി യൂത്ത് കോൺഗ്രസ്സ് സഹപ്രവർത്തകർ വിസ്മയുടെ വീട് സന്ദർശിച്ചു .

Comments (0)
Add Comment