സംസ്ഥാനത്ത് വാക്സിനെടുക്കാന്‍ ഇന്നും തിക്കും തിരക്കും, പ്രായമായവരുള്‍പ്പെടെ മണിക്കൂറുകള്‍ ക്യൂവില്‍ ; സർക്കാർ സംവിധാനത്തില്‍ സർവത്ര ആശയക്കുഴപ്പം

Jaihind Webdesk
Thursday, April 22, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിനായി ഇന്നും തിക്കും തിരക്കും. പ്രായമായവരുള്‍പ്പെടെ മണിക്കൂറുകളോളം കാത്തുനിന്നിട്ടും വാക്സിനെടുക്കാന്‍ കഴിഞ്ഞില്ല. തിടുക്കത്തില്‍ സ്പോട്ട് രജിസ്ട്രേഷന്‍ നിർത്തലാക്കിയതാണ് വാക്സിനെടുക്കാനെത്തിയവരെ കുഴക്കിയത്. തിക്കും തിരക്കും നിയന്ത്രണാതീതമാവുകയും പലയിടങ്ങളിലും വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പവും പ്രതിസന്ധി സൃഷ്ടിച്ചു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വലിയ തോതില്‍ ജനങ്ങള്‍ വാക്‌സിനേഷന് എത്തിയതിനെ തുടര്‍ന്ന് വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കു മാത്രമേ വാക്‌സിന്‍ നല്‍കൂ എന്ന് ഇന്നലെ വൈകിട്ടോടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും രജിസ്‌ട്രേഷന്‍ ഇല്ലാത്തവരുടെ വലിയ നിര തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ തന്നെ രൂപപ്പെട്ടിരുന്നു. പുലർച്ചെ എത്തിയവർ കാത്തുനിന്ന് മടുത്തതോടെ ജീവനക്കാരുമായി തർക്കവുമുണ്ടായി.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍റെ കാര്യം പലരും അറിഞ്ഞില്ല. രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് പലര്‍ക്കും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം രജിസ്‌ട്രേഷന്‍ ലഭിച്ചതുമില്ല. കഴിഞ്ഞ ദിവസംവരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന കാര്യം ആശുപത്രിയില്‍ എഴുതിവെക്കുകയോ അറിയിക്കുകയോ ചെയ്തില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ഒന്നാം ഡോസും രണ്ടാം ഡോസും എടുക്കാനുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാന് ശ്രമിച്ചവർക്ക് വണ്‍ ടൈം പാസ് വേഡ് പോലും ലഭിച്ചില്ലെന്നും പുലർച്ചെ മുതല്‍ കാത്തുനിന്നവർ പറയുന്നു. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലും വാക്സിന്‍ വിതരണം സംബന്ധിച്ച് പരാതി നിലനില്‍ക്കുന്നു.