‘ജനങ്ങളെ മതത്തിന്‍റെ പേരില്‍ വേർതിരിച്ച് കണ്ടിട്ടില്ല, മോദിയുടേത് നികൃഷ്ടമായ വിദ്വേഷപ്രസംഗം’; ഡോ. മന്‍മോഹന്‍ സിംഗ്

Jaihind Webdesk
Thursday, May 30, 2024

 

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ മതത്തിന്‍റെ പേരിൽ വേർതിരിച്ച് കാണാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. മൻമോഹൻ സിംഗിന്‍റെ ഭരണകാലത്ത്മുസ്‌ലിം വിഭാഗത്തിന് രാജ്യത്തെ സമ്പത്തിൽ മുഖ്യ ആവകാശമുണ്ടായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് മൻമോഹൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്നതിനായി വിദ്വേഷ പരാമർശങ്ങളിലേക്കും തരംതാണ വർഗീയതയിലേക്കും തിരിയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും മൻമോഹൻ സിംഗ് വിമർശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.

ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ രാഷ്ട്രീയ ചർച്ചകൾ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു. മോദി നികൃഷ്ടമായ വിദ്വേഷ പ്രസംഗങ്ങളിൽ ഏർപ്പെട്ടു.അത് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അന്തസും ഗൗരവവും കുറച്ച രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വെക്കാൻ മുൻ പ്രധാനമന്ത്രിമാരൊന്നും ഇത്രയും നികൃഷ്ടവും താഴ്ന്ന നിലവാരത്തിലുള്ളതുമായ ഭാഷ ഉപയോഗിച്ചിട്ടില്ല. ചില തെറ്റായ പ്രസ്താവനകൾ അദ്ദേഹം തനിക്കു നേരെയും നടത്തിയിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും ഒരു സമുദായത്തെ മറ്റൊന്നിൽ നിന്നും വേർതിരിച്ച് കാണാൻ ശ്രമിച്ചിട്ടില്ല. രാജ്യത്തോടായുള്ള കത്തിൽ മൻമോഹൻ സിംഗ് വ്യക്തമാക്കി.

“വികസനത്തിനും രാജ്യത്തെ ഏകോപിപ്പിച്ചുകൊണ്ടുള്ള പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ പഞ്ചാബിലെ ഓരോ വോട്ടറോടും ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ യുവാക്കളോടും ശ്രദ്ധയോടെ വോട്ട് ചെയ്യാനും ഭാവിക്കായി വോട്ട് ചെയ്യാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുന്ന വികസനം ഉറപ്പാക്കുന്ന പുരോഗമന ഭാവി നൽകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ”. കോൺഗ്രസിന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ പ്രചാരണത്തിനിടെ മുസ്‌ലിം വിഭാഗത്തിന് യുപിഎ സർക്കാർ അമിത പ്രാധാന്യം നൽകിയിരുന്നു എന്നുള്ള നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. ഈ പരാമർശങ്ങൾക്കെതിരെയാണ് മൻമോഹൻ സിംഗിന്‍റെ വിമർശനം.