വാഷിംഗ്ടണ്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന നിര്‍ഭയത്വത്തിന്‍റെ പ്രതീകമായ അഭയമുദ്രയെ മുന്‍നിര്‍ത്തിയാണ് താൻ ആദ്യത്തെ പാര്‍ലമെന്‍റ് പ്രസംഗം നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ രാഹുല്‍ ടെക്‌സാസിലെ ഡാളസിൽ നടന്ന ഇന്ത്യൻ പ്രവാസി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
“തിരഞ്ഞെടുപ്പ് ഫലം വന്ന സെക്കന്‍റുകള്‍ക്കുള്ളിൽ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും മോദിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങൾ കണ്ടു.” തിരഞ്ഞെടുപ്പ് ഫലം തന്‍റെയോ കോൺഗ്രസ് പാർട്ടിയുടെയോ വിജയമല്ലെന്നും ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണെന്നും രാഹുല്‍ പറഞ്ഞു. ആര്‍എസ്എസിന്‍റെ ആശയത്തില്‍ ഇന്ത്യ എന്നത് ഒറ്റ ആശയമാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്‍റെ കാഴ്ചപ്പാടില്‍ ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതിയോ മതമോ ഭാഷയോ പാരമ്പര്യമോ പരിഗണിക്കാതെ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളുടെ പങ്കാളിത്തം ഇന്ത്യയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയ്ക്ക് ഊന്നല്‍ നല്‍കിയെന്നും ഈ ആശയം ജനങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
യുഎസ് സന്ദര്‍ശനത്തിനിടെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായും യുഎസ് നിയമനിർമാതാക്കളുമായും രാഹുല്‍ സംവദിക്കും. ഞായറാഴ്ചയാണ് രാഹുല്‍ യുഎസിലെത്തിയത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരും ഇന്ത്യൻ പ്രവാസി അംഗങ്ങളും ചേർന്ന് ടെക്‌സാസിലെ ഡാളസിലെ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.