പെന്‍ഷന്‍ മുടങ്ങി, മരുന്ന് വാങ്ങാന്‍ പോലും പണമില്ല; പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങി 85 പിന്നിട്ട അന്നയും മറിയക്കുട്ടിയും

Jaihind Webdesk
Wednesday, November 8, 2023

 

ഇടുക്കി: കോടികൾ മുടക്കി സംസ്ഥാന സർക്കാർ കേരളീയം ആഘോഷിക്കുമ്പോൾ മാസങ്ങളായി ലഭിക്കേണ്ട ക്ഷേമ പെൻഷൻ ലഭിക്കാത്തത് മൂലം ഭിക്ഷ യാചിക്കാൻ ഇറങ്ങിയിരിക്കുകയാണ് 85 പിന്നിട്ട അന്നയും മറിയക്കുട്ടിയും. ഇടുക്കി അടിമാലിയിലാണ് അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണമില്ലാതെ ഇവർ പിച്ചച്ചട്ടിയുമായി തെരുവില്‍ ഇറങ്ങേണ്ടിവന്നത്. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെയുള്ള ബോർഡും തൂക്കിയാണ് വൃദ്ധ മാതാക്കളുടെ ഈ പ്രതിഷേധ സമരം.

ഇടുക്കി അടിമാലിയിൽ നിന്നുമാണ് ഈ കാഴ്ച. മാസങ്ങളായി തങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമ പെൻഷൻ ലഭിക്കാത്തതു മൂലമാണ് എൺപത്തിയഞ്ച് വയസ് പിന്നിട്ട മറിയക്കുട്ടിയും അന്നയും പിച്ചച്ചട്ടിയുമായി പണം യാചിക്കാൻ ഇറങ്ങിയത്. “വിധവാ പെൻഷൻ കുടിശിക തന്നു തീർക്കുക, പാവങ്ങളോട് നീതി കാണിക്കുക, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരാതിരിക്കുക, കറണ്ട് ബിൽ അടയ്ക്കാൻ നിവൃത്തിയില്ല…” തുടങ്ങിയ എഴുതിയ പ്ലക്കാർഡുകളും ഏന്തിയാണ് അമ്മമാരുടെ പ്രതിഷേധം. പെൻഷൻ അനുവദിക്കുന്നതിന് വേണ്ടി നിരന്തരം കേറിയിറങ്ങിയ ഓഫീസുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും ഭിക്ഷ യാചിച്ചാണ് ഇരുവരും തുടങ്ങിയത്. മുമ്പ് ലഭിച്ചിരുന്ന ക്ഷേമ പെൻഷൻ ഉപയോഗിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. എന്നാൽ സർക്കാർ പെന്‍ഷന്‍ മുടങ്ങിയതോടെ ആഹാരത്തിനും മരുന്നിനും വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിനും അടക്കം ബുദ്ധിമുട്ട് വന്നതോടെയാണ് ഭിക്ഷ എടുക്കാൻ തീരുമാനിച്ചതെന്ന് മറിയക്കുട്ടി പറയുന്നു.

രണ്ടു വർഷത്തെ ഈറ്റ തൊഴിലാളി ക്ഷേമ നിധി പെൻഷനാണ് മറിയക്കുട്ടിക്ക് ലഭിക്കാൻ ഉള്ളത്. വർഷങ്ങൾ ജില്ലയിലെ ഈറ്റക്കാടുകളിൽ ജോലി ചെയ്തതിന്‍റെ ഭാഗമായുള്ള ക്ഷേമനിധിയാണ് ഇവർക്ക് ലഭിക്കാനുള്ളത്. എന്നാല്‍ മസ്റ്ററിംഗ് നടത്തിയില്ലെന്ന് കാരണം പറഞ്ഞ്  ഇത് നിഷേധിക്കപ്പെടുകയാണ്. ഈറ്റ തൊഴിലാളി ക്ഷേമ നിധി ബോർഡ് പറയുന്നത് മസ്റ്ററിംഗ് നടത്തിയില്ലെന്നാണ്. എന്നാൽ അടുത്ത ആളുകളിൽ നിന്നും വാങ്ങിയ പണവുമായി അക്ഷയ കേന്ദ്രത്തിൽ നാളുകളോളം കേറിയിറങ്ങിയാണ് ഇവർ മസ്റ്ററിംഗ് നടത്തിയത്.

പെൻഷൻ ലഭിക്കാത്തതിനെതിരെയുള്ള ബോർഡുകൾ തൂക്കി ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും കേറിയിറങ്ങി ഇവർ ചെറിയ തുകകൾ ശേഖരിക്കുമ്പോൾ അത് കോടികൾ പൊടിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധം കൂടിയാണ്. ആരും തങ്ങൾക്ക് പിന്നിൽ ഇല്ലെന്നും പട്ടിണി കിടക്കാൻ കഴിയാത്തതിനാലാണ് ഭിക്ഷ യാചിക്കാന്‍ നിർബന്ധിതരായതെന്നും ഇവർ പറയുന്നു. വർഷങ്ങളായി ചെയ്തിരുന്ന കൂലി വേല ചെയ്യാൻ ഇനി ആരോഗ്യമില്ലെന്നും അടുത്ത മാസവും സർക്കാർ കനിഞ്ഞില്ലെങ്കിൽ തങ്ങളുടെ ജീവിതം കൂടുതൽ ക്ലേശകരമാകുമെന്നും ഈ വൃദ്ധ മാതാക്കൾ പറയുന്നു.