ക്ഷേമ പെൻഷൻ തട്ടിപ്പ്: സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയിൽ എടുക്കാതെ പൊലീസ്; പ്രതിഷേധം ശക്തം

Jaihind News Bureau
Thursday, July 16, 2020

കണ്ണൂർ പായം പഞ്ചായത്തിൽ പരേതയുടെ ക്ഷേമ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ.പി സ്വപ്നയെ കസ്റ്റഡിയിൽ എടുക്കാതെ ഇരിട്ടി പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്ത് 18 ദിവസം കഴിഞ്ഞിട്ടും സ്വപ്നയെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. ആരോഗ്യ മന്ത്രി കെ. കെ.ശൈലജയുടെ അടുത്ത ബന്ധുവായ സ്വപ്നയെ കസ്റ്റഡിയിൽ എടുക്കാത്തത് സിപിഎം സമർദ്ദത്തെ തുടർന്നെന്ന് സൂചന.

വ്യാജരേഖ ചമയ്ക്കൽ, വഞ്ചന ഉൾപ്പടെ വിവിധ കുറ്റങ്ങളും സ്വപ്നയ്ക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ കേസ്സെടുത്ത് 18 ദിവസം കഴിഞ്ഞിട്ടും സ്വപ്നയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സ്വപ്നയുടെ പരാതിയിൽ കൗസുവിന്‍റെ ബന്ധുകൾക്കെതിരെ കേസെടുത്ത പൊലീസ് സ്വപ്നയ്ക്കെതിരായ പരാതിയിൽ മൊഴി എടുത്തത് അല്ലാതെ മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. സ്വപ്നയ്ക്കൊപ്പം പെൻഷൻ വിതരണത്തിന് ഉണ്ടായിരുന്ന വാർഡ് മെമ്പർ വിമലയെയും ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനെയും സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളത്.

സി പി എമ്മിന്‍റെയും സർക്കാരിന്‍റെയും ഉന്നതതലങ്ങളിലെ സമർദ്ദത്തെ തുടർന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ അടുത്ത ബന്ധുവായ സ്വപ്നക്കെതിരെ നടപടി എടുക്കാൻ പൊലീസ് തയ്യാറാവാത്തത് എന്നാണ് സൂചന. പെൻഷൻ തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ നടപടി എടുക്കാതെ പരാതിക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.