ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അന്വേഷണം വേണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
പെഗാസസില്‍ അന്വേഷണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും പൊതുമധ്യത്തില്‍ പരസ്യമാക്കണം. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി കേള്‍ക്കുകയാണ്. പാര്‍ലമെന്റിലും വിഷയം ചര്‍ച്ച ചെയ്യണം. പ്രതിപക്ഷം ദിവസങ്ങളായി ഇക്കാര്യം അവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
പാർലമെന്‍റ് സമ്മേളനം തുടങ്ങിയതു മുതല്‍ വിഷയത്തില്‍ ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.
ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ് വെയറായ പെഗാസസിലൂടെ പ്രതിപക്ഷ നേതാക്കളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരരുടെയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെയും ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.