ഫോണ്‍ ചോർത്തല്‍ : പാർലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് ; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം

Monday, July 19, 2021

ന്യൂഡല്‍ഹി : പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ ഫോണ്‍ ചോർത്തിയ സംഭവത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്. എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്സഭയിലും  ബിനോയ് വിശ്വം എം.പി രാജ്യസഭയിലും നോട്ടീസ് നല്‍കി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗൗരവതരമെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യരക്ഷയെയും പൗരാവകാശത്തെയും ബാധിക്കുന്ന വിഷയമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. വിയോജിപ്പിന്‍റെ സ്വരം ഉന്മൂലനം ചെയ്യാനുള്ള നീക്കമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.