Peechi Dam| പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദ്ദേശം

Jaihind News Bureau
Saturday, August 16, 2025

വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് പീച്ചി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍, ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തി. നിലവില്‍ ഡാമിന്റെ നാല് ഷട്ടറുകളും ഒരിഞ്ച് വീതം ഉയര്‍ത്തിയിട്ടുണ്ട്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെ മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഡാമിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്നും, ആവശ്യമെങ്കില്‍ കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

മഴ തുടരുകയാണെങ്കില്‍, കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവരും. അതിനാല്‍, പുഴകളുടെയും കൈവഴികളുടെയും സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ തയ്യാറെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നേരത്തെ തന്നെ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഡാമിന്റെ പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്. ഇന്നലെ രാവിലെ വരെയുള്ള ജലനിരപ്പ് 76.18 മീറ്ററായിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് ഷട്ടര്‍ ലെവലിനും മുകളിലാണ്. അപകടസാധ്യത മുന്നില്‍ കണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ അനാവശ്യമായി നദികളിലേക്കോ പുഴകളിലേക്കോ ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.