കണ്ണൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവം; കാർ ഓടിച്ച പോലീസുകാരന് സസ്‌പെൻഷൻ

Jaihind Webdesk
Thursday, July 4, 2024

 

കണ്ണൂർ: കണ്ണൂർ ഏച്ചൂരിൽ അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽ നടയാത്രക്കാരി മരിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലെ കണ്ണൂർ ഏച്ചൂരിലായിരുന്നു അപകടം. ബീന സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തെളിവുകളടക്കം പുറത്തുവന്നതോടെയാണ് പോലീസുകാരനെതിരെ നടപടിയുണ്ടായത്.