ഗാസയിലെ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാനമായ അന്താരാഷ്ട്ര സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിലെ കെയ്റോയിലുള്ള ഷറം അല്‍ ഷെയ്ഖില്‍ നടക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെയും സംയുക്താധ്യക്ഷതയിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 20 രാജ്യങ്ങളിലെ നേതാക്കള്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പുറപ്പെട്ടു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളും ഉച്ചകോടിയില്‍ പങ്കുചേരും.
അതിനിടെ, ഉച്ചകോടിക്ക് മുന്‍പ് തന്നെ ബന്ദിമോചനം ഉണ്ടാകുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തിങ്കളാഴ്ച ഉച്ചവരെയാണ് ഹമാസിന് ബന്ദികളെ കൈമാറാന്‍ സമയം നല്‍കിയിട്ടുള്ളത്. 47 ഇസ്രായേല്‍ ബന്ദികളെയാണ് ഹമാസ് വിട്ടയക്കേണ്ടത്. ഇതില്‍ കുറഞ്ഞത് 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്ക്. കൂടാതെ, ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ നടന്ന ഒരു കാറപകടത്തില്‍ മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ മരിച്ചെന്നും രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും ഖത്തര്‍ ഞായറാഴ്ച അറിയിച്ചു.