ഗാസയില്‍ സമാധാനം; യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു; ഉച്ചകോടിയില്‍ നിന്ന് നെതന്യാഹു പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍

Jaihind News Bureau
Monday, October 13, 2025

ഗാസയില്‍ സമാധാനം പുലര്‍ന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയുടെ ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തമാണിതെന്നും, ഇനി മിഡില്‍ ഈസ്റ്റില്‍ തീവ്രവാദവും മരണവും ഇല്ലാതെ സമാധാനപരമായ ജീവിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇതിനോടകം എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ട ട്രംപ്, യുദ്ധങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. ഭാവിയെ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും കാലമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസിനെ പൂര്‍ണമായും നിരായുധീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കുന്നതില്‍ ഖത്തര്‍ നല്‍കിയ സഹായത്തെയും അറബ് നേതാക്കളെയും മുസ്ലിം സമൂഹത്തെയും അദ്ദേഹം പ്രശംസിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രശംസിച്ച ട്രംപ്, ‘ഇനി യുദ്ധമില്ല ബീബി (നെതന്യാഹു), നിനക്ക് അല്പം സമാധാനിക്കാം’ എന്ന് ചിരിയോടെ പറയുകയും ചെയ്തു.

ഇറാനുമായി ഒരു കരാറില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്നും, ഇറാന്‍ തയ്യാറാണെങ്കില്‍ അത് അവരുടെ ഏറ്റവും മികച്ച തീരുമാനമായിരിക്കുമെന്നും ട്രംപ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. ട്രംപിനെ ഒരു വിഭാഗം എഴുന്നേറ്റ് നിന്ന് കയ്യടിയോടെ സ്വീകരിച്ചപ്പോള്‍, ഇടതുപക്ഷ എംപിമാര്‍ ‘വംശീയത’ എന്നെഴുതിയ പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ സുരക്ഷാസേന പുറത്താക്കി.

ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംപ് ഈജിപ്തിലെ ഷാമല്‍ ഷെയ്ഖിലേക്ക് തിരിക്കും. എന്നാല്‍ പ്രധാനമന്ത്രി നെതന്യാഹു ഈ ഉച്ചകോടിയില്‍ പങ്കെടുക്കില്ല. നെതന്യാഹു അവസാന നിമിഷം പിന്മാറുകയായിരുന്നു.