കൊവിഡ്: സമൂഹവ്യാപന സാധ്യത പരിശോധിക്കുന്ന ഓഗ്മെന്‍റഡ് ടെസ്റ്റ് നിര്‍ത്തിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം, സാംപിൾ ശേഖരണത്തിലും ടെസ്റ്റിലും സുതാര്യത വേണമെന്ന് പി സി വിഷ്ണുനാഥ്

Jaihind News Bureau
Wednesday, May 20, 2020

 

കൊവിഡില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കുന്ന ഓഗ്മെന്‍റഡ് ടെസ്റ്റ് നിര്‍ത്തിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസിസി ഉപാധ്യക്ഷന്‍ പി സി വിഷ്ണുനാഥ്. ഓഗ്മെന്‍റഡ് ടെസ്റ്റില്‍ മൂവാരത്തിലധികം സാമ്പിളുകളില്‍ 4 പൊസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ടെസ്റ്റ് നിര്‍ത്തി. നിര്‍ത്തിട്ടില്ലെങ്കില്‍ ഈ വിവരങ്ങള്‍ പുറത്ത് വിടാത്തതെന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് പി.സി.വിഷ്ണുനാഥ് ചെങ്ങന്നൂരില്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഐസിഎം ആർ മാനദണ്ഡത്തിലുള്ള കൊവിഡ് – 19 ടെസ്റ്റുകൾ കുറവാണെന്ന കണക്കുകൾ പുറത്ത് വന്നപ്പോൾ മാത്രമാണ് പരിശോധന വ്യാപകമാക്കിയത്. ഏപ്രിൽ 26 ലെ ടെസ്റ്റിങ് സ്റ്റാറ്റസ് ഇപ്രകാരമായിരുന്നു: ആകെ എടുത്ത സാമ്പിൾ-22954, നെഗറ്റീവ് കേസുകൾ-21997, പോസിറ്റീവ് കേസുകൾ-468, പെന്റിംഗ് കേസുകൾ-489.

അതായത് ഒരു ദിവസം 502 എന്ന ചെറിയ രീതിയിൽ ടെസ്റ്റുകൾ നടത്തിയ കേരളം വ്യാപകമായ വിമർശനത്തെ തുടർന്നാണ് നിലപാട് മാറ്റിയത്. തുടർന്ന് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ പോവുകയാണെന്ന്  മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഏപ്രിൽ 27 ന് സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം സാധാരണ ജനങ്ങൾക്കിടയിൽ നിന്ന് 3056 സാമ്പിളുകൾ ശേഖരിച്ചു.

അതിനു ശേഷം മൂന്ന് തരത്തിലാണ് കേരളത്തിൽ കോവിഡ് പരിശോധന നടക്കുന്നത്. ഒന്ന്- സമ്പർക്കത്തിലുള്ള ആളുകളിൽ രോഗലക്ഷണങ്ങൾ കാണുന്നവരിൽ നടത്തുന്ന ടെസ്റ്റ് ; രണ്ട്- ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരിൽ നടത്തുന്ന ടെസ്റ്റ് (സെന്റിനൽ ടെസ്റ്റ്) ; മൂന്ന്- സാധാരണ ജനങ്ങളിൽ നിന്നും സാമ്പിളുകൾ എടുത്ത് ഏപ്രിൽ 27 മുതലുള്ള ഓഗ്മെന്റഡ് ടെസ്റ്റ്.

ഇതിൽ ഓഗ്മെന്‍റഡ് ടെസ്റ്റാണ് സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നത്. ഇതിൻ്റെ ഭാഗമായി സ്രവ പരിശോധന നടത്തുന്നത് യാത്ര ചെയ്യുകയോ, സമ്പർക്കമുണ്ടാവുകയോ രോഗലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യാത്ത സാധാരണക്കാരിലാണ്. ആദ്യ ദിവസം ഏപ്രിൽ 27 ന് ഇതിൻ്റെ ഭാഗമായി ഏകദേശം 3056 സാമ്പിളുകൾ എടുത്ത് ലാബിലേക്ക് അയച്ചു.

ഏപ്രിൽ 28 ന് 3101 സാമ്പിളുകൾ ഓഗ്മെന്റഡ് ടെസ്റ്റിനുവേണ്ടി എടുത്തതായി സർക്കാർ പറയുന്നു. അതായത് മുൻ ദിവസത്തേക്കാൾ 45 സാമ്പിൾ മാത്രം കൂടുതൽ. അതിൽ മൂന്ന് കേസ് പോസിറ്റീവായി എന്ന ഞെട്ടിക്കുന്ന വിവരം മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. 2682 കേസുകൾ നെഗറ്റീവായെന്നും എട്ട് കേസ് റിജക്റ്റ് ചെയ്തെന്നും പറയുന്നു; 25 സാമ്പിൾ റീ ടെസ്റ്റിനുവേണ്ടി കൊടുത്തെന്നും പറയുന്നു. ഇതിൽ നിന്നും 383 കേസ് ആ ദിവസം പെന്റിങാണെന്ന് മനസിലാക്കാം.
തൊട്ടടുത്ത ദിവസം ഓഗ്മെൻറഡ് ടെസ്റ്റിൽ ഒരു പോസിറ്റീവ് ഉണ്ട്. ഏപ്രിൽ 30 ആകുമ്പോഴേക്കും 3128 സാമ്പിളുകൾ ഓഗ്മെന്റഡ് ടെസ്റ്റിനുവേണ്ടി എടുത്തു. നേരത്തെ ഉള്ളതിനേക്കാൾ 27 സാമ്പിൾ കൂടുതൽ. അതിനകത്ത് 3089 സാമ്പിൾ നെഗറ്റീവായിട്ടുണ്ട്. നാല് സാമ്പിൾ പോസിറ്റീവാണ്. 21 സാമ്പിൾ റിജക്റ്റഡായിട്ടുണ്ട്. 14 സാമ്പിൾ റീ ടെസ്റ്റായി. (3089 +4+14+21 = 3128) .

എന്നാൽ മെയ് ഒന്ന് ആയപ്പോൾ കാരണമൊന്നും പറയാതെ ഓഗ്മെന്‍റഡ് ടെസ്റ്റുകൾ നിർത്തിയതായി കാണുന്നു. ഈ കണക്ക് സമ്പർക്കത്തിലുള്ള രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്ന എണ്ണത്തോട് കൂട്ടിച്ചേർത്താണ് പുറത്തുവിടുന്നത്.
മെയ് രണ്ടിന് 27,150 എന്ന മറ്റ് സാമ്പിളുകളുടെ കണക്കിനൊപ്പമാണ് ഇത് കൂട്ടി ചേർത്തത്. പിന്നീട്, സാമ്പിൾ ശേഖരണം ഏതുവിധമെന്ന് വെളിപ്പെടുത്താതെ എത്ര പോസിറ്റീവ്, എത്ര നെഗറ്റീവ് എന്ന് ഒരുമിച്ച് പറയാൻ തുടങ്ങി. ഇത് സമൂഹവ്യാപന സാധ്യത അറിയാനുള്ള വഴിയടച്ചു. ആദ്യ ഘട്ടത്തിൽ 3093, സാമ്പിളുകൾ പരിശോധിച്ചപ്പോൾ തന്നെ നാല് കേസ് പോസിറ്റീവായി എന്ന് പറയുമ്പോൾ അത് ഗൗരവതരമാണ്. അതായത് പരിശോധിച്ച സാംപിളുകളുടെ 0.13% പോസിറ്റീവ്. ഇതൊരു പൊതു പ്രവണതയായി കണക്കാക്കിയാൽ കേരളത്തിലെ രോഗികളുടെ എണ്ണം വലുതാണ്.

മാത്രവുമല്ല റീ ടെസ്റ്റിന് പോയ 14 സാംപിളുകളെക്കുറിച്ച് പിന്നീടുള്ള ദിവസങ്ങളിൽ മൗനവുമാണ്. ഏത് ജില്ലയിൽ നിന്നാണ്, ഏത് മേഖലയിൽ നിന്നാണ് 3093 സാമ്പിളുകൾ എടുത്തത് എന്ന് വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ ഓഗ്‌മന്റഡ് സാമ്പിൾ ശേഖരണം നടത്തുന്നുണ്ടോ എന്നും ജനങ്ങൾക്ക് വ്യക്തതയില്ല. മെയ് മൂന്ന് വരെ 32,217 വ്യക്തികളുടെ സാമ്പിൾ ശേഖരിച്ചതിലും ഓഗ്മെന്റഡ് സാമ്പിളുകൾ ഉൾപ്പെടുന്നുണ്ട്. എന്നാൽ അതെത്ര എന്ന് എടുത്ത് പറയുന്നില്ല, മേഖലയും രേഖപ്പെടുത്തുന്നില്ല. മെയ് നാലിന് അത് 33,010 ആയി മാറുന്നു. അതേ സമയം സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളിന്റെ കണക്ക് പുറത്ത് വിടുന്നുമുണ്ട്. മെയ് അഞ്ചിന് 33,880 സാമ്പിളിലും തൊട്ടടുത്ത ദിവസത്തെ 34,599 സാമ്പിളിലും ഏഴാം തിയ്യതിയിലെ 35,171 സാമ്പിളിലും തുടർ ദിവസങ്ങളിലും ഈ അവ്യക്തത കാണാം.  മെയ് 18 വരെയുള്ള ഔദ്യോഗിക കുറിപ്പിൽ ഇപ്രകാരമാണ് സാമ്പിളുകൾ രേഖപ്പെടുത്തിയത്.  ആദ്യ ഘട്ടം മുതൽ റീ ടെസ്റ്റ് നടത്താൻ മാറ്റിവെച്ച കണക്കുകളുടെ ഫലം എവിടെയാണ് രേഖപ്പെടുത്തിയത് എന്നും അറിയേണ്ടതുണ്ട്.

ഇങ്ങനെ കൂട്ടിക്കലർത്തിയ കണക്ക് മൂലമാണ് അവ്യക്തത നിലനിൽക്കുന്നത്. വളരെ ഫലപ്രദമായ രീതിയിൽ സമൂഹത്തിൽ നിന്നും ഓഗ്മന്റഡ് സാമ്പിളുകൾ ശേഖരിച്ചു കൊണ്ടുള്ള പരിശോധന രീതി വ്യാപിപ്പിക്കാത്തത് എന്തുകൊണ്ടാണ് എന്ന് സർക്കാർ വ്യക്തമാക്കണം നിർത്തിയിട്ടുണ്ടെങ്കിൽ, അത് ശാസ്ത്രീയമായ ഏതെങ്കിലും പഠനത്തിന്റെയോ നിർദ്ദേശത്തിന്റെയോ അടിസ്ഥാനത്തിലാണോ എന്നും വെളിപ്പെടുത്തണം; അതല്ല, ഇപ്പോഴും ഓഗ്മന്റഡ് സാമ്പിൾ ടെസ്റ്റ് നടക്കുന്നുണ്ടോ, അങ്ങനെയാണെങ്കിൽ അതിൽ നിന്നും എത്ര പോസിറ്റീവ് കേസുകൾ ഉണ്ടാവുന്നുണ്ട്, ഉണ്ടായിട്ടുണ്ട് എന്നും ജനങ്ങൾക്ക് അറിയാൻ താത്പര്യമുണ്ട്.

ഇത്തരം കാര്യങ്ങളിൽ പ്രതിപക്ഷം മാത്രമല്ല രോഗപര്യവേക്ഷകരും ആരോഗ്യമേഖലയിലെ വിദഗ്ധരും സംശയം ഉയർത്തുന്നുണ്ട്. സമൂഹ വ്യാപന സാധ്യതയുടെ സൂചന കിട്ടിയപ്പോഴെ ഇത്തരത്തിലുള്ള 3-4 റൗണ്ട് പരിശോധന നടത്തി അത് ഇല്ലെന്ന് ഉറപ്പു വരുത്തുകയാണ് ശാസ്ത്രീയ രീതി. അത് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. ഈ സംശയത്തിന് സർക്കാർ മറുപടി നൽകണം എന്നാണ് ആവശ്യപ്പെടുന്നത്.  സർക്കാറിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ നിന്ന് കിട്ടിയ വിവരങ്ങൾ വെച്ചാണ് ഇത്തരം നിഗമനത്തിലെത്തിയതും ഉന്നയിക്കുന്നതും. പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഉന്നയിക്കുന്ന പ്രശ്നത്തിന് സർക്കാർ തൃപ്തികരമായ വിശദീകരണം നൽകണം.

മേൽ സൂചിപ്പിച്ച ആദ്യത്തെ നാലു ദിവസം നടത്തിയ ടെസ്റ്റുകൾ എല്ലാം എടുത്ത് താരതമ്യം ചെയ്താൽ, രോഗവ്യാപനം കൂടിയ ഇന്ന് അതിന്റെ നാലിലൊന്ന് ടെസ്റ്റുകൾ മാത്രമാണ് നടക്കുന്നത് എന്ന് കാണാം. അതിന്റെ കാരണവും സർക്കാറാണ് വ്യക്തമാക്കേണ്ടത്.

ഇടുക്കിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് വിദേശത്തു നിന്ന് വന്നയാളോ വിദേശത്തു നിന്ന് വന്നയാളുമായി സമ്പർക്കത്തിൽ ഉണ്ടായത് മൂലമോ അല്ല എന്ന് തെളിഞ്ഞതോടെ ഇത്തരം കാര്യങ്ങൾ വീണ്ടും പ്രസക്തമാവുകയാണ്. കോട്ടയം ചന്തയിലെ വ്യാപാരി, ഇടുക്കി വണ്ടൻമേട്ടിലെ രോഗി, കോഴിക്കോട്ടെ അഗതി ഇങ്ങനെ നിരവധി പേർക്ക് രോഗബാധ എവിടെ നിന്നെതിൽ അവ്യക്തതയുണ്ട് എന്നിടത്താണ് ഓഗ്മെൻറഡ് ടെസ്റ്റുകൾ പ്രധാനമാകുന്നത്. ചില സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർ കോവിഡ് പോസിറ്റീവായ കാര്യവും എങ്ങനെയെന്ന് വ്യക്തമല്ല. ഈ പശ്ചാത്തലത്തിലാണ് സർക്കാറിൽ നിന്നും വിശദീകരണത്തിനുവേണ്ടി വിഷയം ഉന്നയിക്കുന്നത്- പി സി വിഷ്ണുനാഥ് പറഞ്ഞു.