ഹാങ്ങാണോ എന്നറിയാന്‍ ഓണാവണ്ടേ സർ ! കോക്കോണിക്സില്‍ പരിഹാസവുമായി പി.സി വിഷ്ണുനാഥ്

 

തിരുവനന്തപുരം : കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ്പെന്ന് പ്രചരിപ്പിച്ച് സർക്കാർ പുറത്തിറക്കിയ കോക്കോണിക്സിന്‍റെ പിഴവുകള്‍ സഭയിലുന്നയിച്ച് പി.സി വിഷ്ണുനാഥ്. ഹാംഗാണോ എന്നറിയാന്‍ ഇത് ഓണാകണ്ടേ എന്നാണ് വിദ്യാർത്ഥികള്‍ ചോദിക്കുന്നതെന്ന് വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. വിദ്യാശ്രീ പദ്ധതി അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം ചോദ്യോത്തരവേളയിൽ ഉന്നയിച്ചു.

കുടുംബശ്രീ വഴിയുള്ള സര്‍ക്കാരിന്‍റെ ലാപ്ടോപ്പ് പദ്ധതിയിലൂടെ വിതരണം ചെയ്തത് പ്രവര്‍ത്തിക്കാത്ത കമ്പ്യൂട്ടറുകളെന്ന് വ്യാപക പരാതിയാണ് ഉയരുന്നത്. വിദ്യാശ്രീ പദ്ധതി വഴി  കുട്ടികള്‍ക്ക് മെച്ചപ്പെട്ട ലാപ്ടോപ്പ് ലഭിക്കും എന്ന പ്രതീക്ഷയില്‍ ലോണ്‍ എടുത്ത നിരവധി മാതാപിതാക്കളാണ് ഇതോടെ വെട്ടിലായത്. എച്ച്പി പോലെയുള്ള കമ്പനികളുടെ ലാപ്ടോപ്പ് ആവശ്യപ്പെട്ടവര്‍ക്ക് ‘കോക്കോണിക്സ്’ എന്ന കമ്പനിയുടെ കമ്പ്യൂട്ടറുകളാണ് നല്‍കിയത്. എന്നാല്‍ ഇവ ഓണ്‍ ആകുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. പരാതി പറയാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നതുമില്ല. അതേസമയം ഗുണനിലവാരമില്ലാത്ത ലാപ്ടോപുകള്‍ നല്‍കിയ കെഎസ്എഫ്ഇ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പിഴ പലിശ ഈടാക്കുമെന്ന് ഭീഷണിയുമുണ്ട്.

സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന കോക്കോണിക്സ് കമ്പനിയുടെ ലാപ്ടോപ്പുകളാണ് കൂട്ടത്തോടെ തകരാറിലായത്. പദ്ധതി പ്രകാരം ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള കമ്പനി തെരഞ്ഞെടുക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ലാപ്ടോപ്പ് കൈപ്പറ്റാനായി കെഎസ്എഫ്ഇയുടെ ബ്രാഞ്ചില്‍ എത്തിയവരെ കാത്തിരുന്നത് ‘കോക്കോണിക്സ്’ എന്ന കേട്ടിട്ടുപോലുമില്ലാത്ത കമ്പനിയുടെ കമ്പ്യൂട്ടറായിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന അവസ്ഥയിലായി ഗഡുക്കള്‍ അടച്ചവര്‍. ഇതാകട്ടെ ഓണ്‍ ആകുന്നത് പോലുമില്ല. ഇപ്പോള്‍ പരാതിപ്പെടാന്‍ ശ്രമിച്ചിട്ട് കമ്പനി അധികൃതര്‍ ഫോണ്‍പോലും എടുക്കുന്നില്ല എന്നതാണ് സ്ഥിതി.

ലാപ്ടോപ് തകരാറിലായെങ്കിലും തവണ മുടങ്ങരുതെന്ന കര്‍ക്കശ നിലപാടിലാണ് കെഎസ്എഫ്ഇ. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് വിദ്യാശ്രീ പദ്ധതി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെയും സര്‍ക്കാര്‍ പദ്ധതിയില്‍ ലാപ്ടോപ്പിനായി പണം മുടക്കിയവര്‍ ശരിക്കും കുരുക്കിലായിരിക്കുകയാണ്. അതേസമയം വിദ്യാശ്രീ പദ്ധതി വഴി നല്‍കിയ 20 ശതമാനം ലാപ്ടോപ്പുകള്‍ക്ക് തകരാറുണ്ടെന്ന് കോക്കോണിക്സ് അധികൃതര്‍ സമ്മതിച്ചു. പരാതി വരുന്നമുറയ്ക്ക് ലാപ്ടോപ്പ് മാറി നല്‍കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.

Comments (0)
Add Comment