
തനിക്കെതിരെ സി.പി.എം സൈബർ ഇടങ്ങളിൽ നടത്തുന്ന വ്യാജപ്രചരണങ്ങളെ കൃത്യമായ തെളിവുകൾ സഹിതം പൊളിച്ചടുക്കി കുണ്ടറ എം.എൽ.എ പി.സി. വിഷ്ണുനാഥ്. മണ്ഡലത്തിലെ കശുവണ്ടി ഫാക്ടറികൾ കേന്ദ്രീകരിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള ജനകീയ പ്രവർത്തനങ്ങൾ തൊഴിലാളികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇതിൽ വിറളിപൂണ്ട സി.പി.എം നേതൃത്വം എം.എൽ.എയെ വഴിയിൽ തടഞ്ഞു എന്ന പേരിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ തുറന്നുകാട്ടി.
സി.പി.എം കുടുംബത്തിലെ ഒരു കശുവണ്ടി തൊഴിലാളിയെ കോൺഗ്രസുകാരി എന്ന വ്യാജേന രംഗത്തിറക്കി പരാതി പറയിപ്പിക്കുകയും, അത് എസ്.എഫ്.ഐ നേതാവിനെക്കൊണ്ട് മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർത്ഥിയുടെയും പ്രമുഖ ഡി.വൈ.എഫ്.ഐ നേതാവിന്റെയും മാതാവിനെയാണ് ഇതിനായി സി.പി.എം നിയോഗിച്ചത്. എസ്.എഫ്.ഐ പെരിനാട് ഏരിയ സെക്രട്ടറി ജിജോയെ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച രാഷ്ട്രീയ കാപട്യത്തെയാണ് എം.എൽ.എ അക്കമിട്ട് നിരത്തി തുറന്നുകാട്ടിയത്.
കുണ്ടറയുടെ ജനകീയ മുഖമായി മണ്ഡലത്തിൽ സജീവമായ പി.സി. വിഷ്ണുനാഥിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ രാഷ്ട്രീയ നാടകം. എന്നാൽ, വീഡിയോ പകർത്തിയ നേതാവിനെയും പരാതി പറഞ്ഞ സ്ത്രീയുടെ രാഷ്ട്രീയ പശ്ചാത്തലവും വ്യക്തമാക്കിയതോടെ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്. വിഷ്ണുനാഥിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.