
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്നും വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ. പൗരന്റെ വോട്ടവകാശം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പല നടപടിക്രമങ്ങളും വോട്ടവകാശം ഇല്ലാതാക്കുന്ന രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ബി.എല്‍.ഒമാര്‍ക്ക് കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിനായി വിളിക്കുന്നത് നീതീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ ഒഴിവാക്കി വോട്ടര്‍മാരുടെ ബുദ്ധിമുട്ട് കുറയ്ക്കണം. ബി.എല്‍.ഒമാര്‍ പല രീതിയിലാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയിലെ ലോജിക്കല്‍ പ്രശ്‌നങ്ങള്‍ വോട്ടര്‍മാരുടെ ഉത്തരവാദിത്തമല്ലെന്നും അത് പരിഹരിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പുതുതായി ബൂത്തുകള്‍ വന്നതോടെ ആളുകളെ കണ്ടെത്താന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും വോട്ടര്‍മാര്‍ക്കും പ്രയാസം നേരിടുന്നുണ്ട്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും പക്ഷപാതപരമായി ഇടപെടുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വോട്ടര്‍മാരെ പരമാവധി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് നിലവില്‍ പലയിടത്തും ഉണ്ടാകുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മറുപടി നല്‍കിയതായും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.