മഹാരാഷ്ട്ര: അവിടെ പിന്തുണച്ച ശേഷം ഇവിടെ വന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് അപഹാസ്യമാണ്; സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി പി.സി. വിഷ്ണുനാഥ്

Jaihind News Bureau
Wednesday, November 27, 2019

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൻറെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയും വിമർശിച്ചും എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് രംഗത്ത്. തൻറെ ഫേസ്ബുക്ക് പേജിലാണ് മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാരിനൊപ്പം നില്‍ക്കാനുള്ള കാരണത്തെയും മറ്റ് രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പി.സി. വിഷ്ണുനാഥ് വിശദീകരിച്ചിരിക്കുന്നത്.

പാല്‍ഘര്‍ ജില്ലയിലെ ദഹാനു നിയോജകമണ്ഡലത്തില്‍നിന്ന് വിജയിച്ച വിനോദ് നികോളെയാണ് മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എ. ഇദ്ദേഹമാണ് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സർക്കാരിന് പിന്തുണയറിച്ച്കത്ത് നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം –

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയും ശിവസേനയും ഒരുമിച്ചാണ് മത്സരിച്ചത്.
കോൺഗ്രസും എൻ സി പി യും സഖ്യകക്ഷികളായി വേറെയും. സർക്കാർ രൂപീകരണ ഘട്ടത്തിൽ ബിജെപിയും സേനയും അഭിപ്രായ വ്യത്യാസമുണ്ടായ ഘട്ടത്തിലാണ് ബിജെപിയെ ഒഴിവാക്കിയുള്ള ഒരു സർക്കാർ വരാൻ ശിവസേനയെ മുൻനിർത്തി ശരത് പവാർ ചില നീക്കങ്ങൾ നടത്തി രംഗത്തു വന്നത്. സ്വാഭാവികമായ് ദീർഘകാലമായി യു പി എ ഘടകക്ഷിയായി തുടരുന്ന എൻ സി പിയോട്, പ്രാഥമിക ചർച്ചകളിൽ തന്നെ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കോൺഗ്രസ് അറിയിച്ചു. ശിവസേന ബിജെപിയുടെ സഖ്യകക്ഷിയാണ്, സേനയുമായ് പ്രത്യയശാസ്ത്രപരമായുള്ള ബുദ്ധിമുട്ടുകൾ, മുൻ നിലപാടുകൾ ഇവയെല്ലാം ശരത് പവാറുമായുള്ള പ്രാഥമിക ചർച്ചയിൽ ബോധ്യപ്പെടുത്തുകയുണ്ടായി. എന്നാൽ ബി ജെ പിയെ ഒഴിവാക്കിയുള്ള ഒരു സർക്കാർ മഹാരാഷ്ട്ര പോലെ മർമ്മപ്രധാനമായ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വരുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി പവാർ വീണ്ടും കോൺഗ്രസ് നേതൃത്വത്തിന് മുമ്പിൽ അവതരിപ്പിക്കുകയും അങ്ങനെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെ ചില നിബന്ധനകൾ വെക്കുകയും ചെയ്തു.

ഇത്തരമൊരു ചർച്ച എൻസിപിയുമായി നടത്തണമെങ്കിൽ പോലും ശിവസേനയുടെ മന്ത്രി മോദി മന്ത്രിസഭയിൽ നിന്ന് രാജിവെക്കണമെന്ന് പറഞ്ഞു; അവർ രാജിവെച്ചു.
എൻഡിഎയിൽ നിന്ന് പുറത്തു വരണമെന്ന് നിർദ്ദേശിച്ചു – മുപ്പത് വർഷത്തെ ബിജെപി ബന്ധം സേന വിച്ഛേദിച്ചു.
നിർദ്ദിഷ്ട സർക്കാറിന് പുരോഗമന – ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ പൊതുമിനിമം പരിപാടി വേണമെന്ന് നിഷ്കർഷിച്ചു. അതും അവർ അംഗീകരിച്ചു. ആ പൊതു മിനിമം പരിപാടിയിൽ ഈ സർക്കാർ മതേതര സമീപനമായിരിക്കും മുന്നോട്ടുവെക്കുന്നതെന്ന നിബന്ധന എഴുതി ചേർത്തു.

അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മഹാ വികാസ് അഘാഡിയുടെ ഭാഗമാവാൻ കോൺഗ്രസ് തീരുമാനിച്ചത്.

അതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില ചാനൽ ചർച്ചകളിൽ പോയപ്പോൾ അതിനെ അതിരൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയുമാണ് സി പി എമ്മിന്റെ പ്രതിനിധികളായി ചർച്ചയിൽ വന്ന നേതാക്കൾ ചെയ്തത്. എന്നാൽ മഹാരാഷ്ട്ര ഗവർണർ ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചുകൊണ്ട് അയച്ച കത്തിൽ ഈ മഹാസഖ്യത്തെയും ഉദ്ധവ് താക്കറയെയും മുഖ്യമന്ത്രിയായി പിന്തുണയ്ക്കുന്ന പാർട്ടികളുടെ കൂട്ടത്തിൽ സി പി എമ്മുമുണ്ടെന്ന് പേരെടുത്ത് സൂചിപ്പിക്കുന്നു. ശിവസേനയുമായ് ചേരുന്നതിനു വേണ്ടി ഒരുപാട് നിബന്ധനകളും ഒത്തിരി പരസ്യമായ ചർച്ചകളും കോൺഗ്രസിന് നടത്തേണ്ടി വന്നു; കോൺഗ്രസ് നിർദ്ദേശങ്ങളെ അവർക്ക് അംഗീകരിക്കേണ്ടിയും വന്നു. അങ്ങനെ ഒരു ബുദ്ധിമുട്ടും വിയർപ്പൊഴുക്കലും ഇല്ലാതെയാണ് മഹാരാഷ്ട്രയിലെ ‘കനൽത്തരി ‘ഈ സർക്കാറിൽ അകത്തുനിന്നായാലും പുറത്തു നിന്നായാലും ഭാഗമാവുന്നത്.

കോൺഗ്രസ് എന്തിന് സർക്കാറിൽ ചേരുന്നു എന്ന് ചോദിക്കുന്ന നിഷ്കളങ്കരുണ്ട്: സർക്കാർ എന്ന കൂട്ടുത്തരവാദിത്തത്തെ പുരോഗമന – മതേതര നിലപാടിൽ ഊന്നി മുന്നോട്ടു നയിക്കാൻ പങ്കാളിത്തം അനിവാര്യമെന്ന് ചർച്ചകൾക്കു ശേഷം തീർച്ചപ്പെടുത്തുകയായിരുന്നു. സർക്കാറിന്റെ എല്ലാ ചെയ്തികളുടെയും നേട്ടങ്ങളുടെയും ഉത്തരവാദിത്തം കയ്യേൽക്കുക എന്ന റിസ്ക് കൂടിയാണ് കോൺഗ്രസ് ഏറ്റെടുത്തത്. എന്നാൽ അത്തരം റിസ്ക്കുകളൊന്നും സി പി എമ്മിനില്ല.

പക്ഷെ അവിടെ പിന്തുണച്ച ശേഷം ഇവിടെ വന്ന് കോൺഗ്രസിനെ അതിന്റെ പേരിൽ വിമർശിക്കുന്നത് ലളിതമായ് പറഞ്ഞാൽ അപഹാസ്യമാണ്.

– പി സി വിഷ്ണുനാഥ്