കോടതി വിധി സർക്കാറിന്‍റെ മുഖത്തേറ്റ കനത്ത അടി; ജനങ്ങളുടെ പ്രതികരണം ജനാധിപത്യ രീതിയിൽ വരാനിരിക്കുന്നു : പി.സി വിഷ്ണുനാഥ്‌

എൽ ഡി എഫ് അംഗങ്ങൾ കേരള നിയമസഭ തകർത്ത സംഭവം വിചാരണ നടപടികളിലേക്ക് പോകുവാനുള്ള കോടതിയുടെ തീരുമാനം സർക്കാറിന്‍റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ പി.സി വിഷ്ണുനാഥ്‌. രാജ്യ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന മന്ത്രി എൻഐഎ യുടെ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും വിധേയനായിട്ടും അയാളെ സംരക്ഷിക്കുന്ന സർക്കാറാണ്, നിയമസഭ തകർത്ത കേസ് പിൻവലിക്കാൻ തയ്യാറായത് എന്നതും പൊതുജനം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ ഏരിയാ സെക്രട്ടറിയേറ്റ് തലം വരെയുള്ള നേതാക്കളും മുൻ മന്ത്രിമാരും ആ പ്രാകൃത താണ്ഡവത്തിന് നേതൃത്വം കൊടുത്തു. ഇപ്പോൾ ഇരിക്കുന്ന സ്പീക്കർ കസേരയാണ് അന്ന് പി ശ്രീരാമകൃഷ്ണൻ മറിച്ചിട്ടത്. ഇ പി ജയരാജനും കെ ടി ജലീലും അടങ്ങുന്ന ഇപ്പോഴത്തെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് സ്പീക്കറുടെ ചേംബർ അന്ന് തല്ലിത്തകർത്തത്. അല്പംപോലും ലജ്ജയില്ലാത്ത, അധികാരത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സർക്കാറാണ് പിണറായിയുടേതെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്നത് കോടതി വിധി മാത്രമാണെന്നും ജനങ്ങളുടെ പ്രതികരണം ജനാധിപത്യ രീതിയിൽ വരാനിരിക്കുകയാണെന്നും വിഷ്ണുനാഥ്‌ പറഞ്ഞു.

പോസ്റ്റിന്‍റെ പൂർണരൂപം :

എൽ ഡി എഫ് അംഗങ്ങൾ കേരള നിയമസഭ തകർത്ത സംഭവം വിചാരണ നടപടികളിലേക്ക് പോകുവാനുള്ള കോടതിയുടെ തീരുമാനം സർക്കാറിന്‍റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്.
ഇത് എത്രാമത്തെ തിരിച്ചടിയാണെന്ന് ചോദിച്ചാൽ പെട്ടന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തവിധം തിരിച്ചടികൾ നേരിട്ട ഒരു സർക്കാറാണ് പിണറായിയുടേതാണ്.
മുതിർന്ന സി പി എം നേതാക്കളുടെ നേതൃത്വത്തി ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭ തല്ലിതകർക്കുന്നത് ലോകം മുഴുവൻ കണ്ടതാണ്. പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ ഏരിയാ സെക്രട്ടറിയേറ്റ് തലം വരെയുള്ള നേതാക്കളും മുൻ മന്ത്രിമാരും ആ പ്രാകൃത താണ്ഡവത്തിന് നേതൃത്വം കൊടുത്തു.
ഇപ്പോൾ താനിരിക്കുന്ന സ്പീക്കറുടെ കസേരയാണ് അന്ന് പി ശ്രീരാമകൃഷ്ണൻ മറിച്ചിട്ടത്. ഇ പി ജയരാജനും കെ ടി ജലീലും അടങ്ങുന്ന ഇപ്പോഴത്തെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് സ്പീക്കറുടെ ചേംബർ തല്ലിത്തകർത്തത്.
ലക്ഷങ്ങളുടെ നാശനഷ്ടം പൊതു ഖജനാവിന് രേഖപ്പെടുത്തിയ കേസാണ്. ആ കേസാണ് എഴുതിതള്ളുവാൻ പിണറായി സർക്കാർ തീരുമാനിച്ചത്. അതിന് എതിരായ കോടതി നിലപാട് ജനാധിപത്യത്തിന്‍റെ കൂടി വിജയമാണ്.
ഒരു ടെലിവിഷൻ ചാനൽ ചർച്ചയിൽ ഒരാൾ നടത്തിയ ഒരു പരാമർശത്തെ തുടർന്നുള്ള വിവാദമാണ്, അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരെ നിയമസഭ തകർക്കുന്ന സമരം നടത്താൻ സി പി എമ്മിനെ പ്രേരിപ്പിച്ചത്. എന്നാൽ അധികാരമേറ്റ് നാലര വർഷമായിട്ടും അന്ന് രാഷ്ട്രീയ ആയുധമാക്കിയ, കലാപായുധമാക്കിയ ഒന്നിനെക്കുറിച്ചും അന്വേഷിക്കാൻ സി പി എം സർക്കാറിന് ത്രാണിയുണ്ടായില്ല.
മാത്രമല്ല, ഇന്ന് രാജ്യ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന മന്ത്രി എൻഐഎ യുടെ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും വിധേയനായിട്ടും അയാളെ സംരക്ഷിക്കുന്ന സർക്കാറാണ്, നിയമസഭ തകർത്ത കേസ് പിൻവലിക്കാൻ തയ്യാറായത് എന്നതും കേരളത്തിന്‍റെ പൊതുസമൂഹത്തിന്‍റെ മുമ്പിലുണ്ട്.
അല്പംപോലും ലജ്ജയില്ലാത്ത, അധികാരത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സർക്കാറാണ് പിണറായിയുടേതെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കയാണ്.
ഇത് കോടതിയുടെ പ്രതികരണം.
ജനങ്ങളുടെ പ്രതികരണം ജനാധിപത്യ രീതിയിൽ വരാനിരിക്കുന്നതേയുള്ളൂ.

https://www.facebook.com/pcvishnunadh.in/posts/2052196688245011

CM Pinarayi VijayanPC Vishnunadh
Comments (0)
Add Comment