പി.സി ജോർജിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആരോഗ്യപ്രശ്നം : തൃക്കാക്കരയില്‍ ബിജെപിക്കായി പ്രചരണത്തിനെത്തും

Sunday, May 29, 2022

കൊച്ചി : വിദ്വേഷ പ്രസംഗക്കേസിൽ  പി.സി.ജോർജ് ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകില്ല. അതേസമയം ബിജെപി ക്ക് വേണ്ടി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും.  തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും  ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു. എന്നാൽ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന പി.സി.ജോർജ് രാവിലെ 8ന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിലും പങ്കെടുക്കും. തിരുവനന്തപുരത്തു നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പി.സി.ജോർജിനു ജാമ്യം ലഭിച്ചിരുന്നു. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കർശന ഉപാധികളോടെ ഹൈക്കോടതിയാണ് പി.സി.ജോർജിന് ജാമ്യം അനുവദിച്ചത്.

പി.സി.ജോർജ് വെണ്ണലയിൽ പ്രസംഗിച്ചാൽ നിയമനടപടി ആലോചിക്കുന്നതായി പോലീസ് വ്യക്തമാക്കി. നിയമവശങ്ങൾ ആലോചിച്ച ശേഷം പി.സി.ജോർജിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ജാമ്യവ്യവസ്ഥ തെറ്റിച്ചോയെന്നു പരിശോധിക്കുകയും ഹാജരാകാത്തത് കോടതിയെ അറിയിക്കുകയും ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യംചെയ്യലിനു ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസില്‍ ഹാജരാകണമെന്നായിരുന്നു പി.സി.ജോർജിനുള്ള നിര്‍ദേശം. ശബ്ദപരിശോധനയും നടത്തേണ്ടതുണ്ടെന്ന് പൊലീസ് നോട്ടിസിൽ പറയുന്നു.