ഗുജറാത്തിനെ രാജ്യത്തിന്‍റെ വികസന മോഡലായി ഉയർത്തിക്കാണിക്കുന്ന സംസ്ഥാന സർക്കാർ തീരുമാനം സംബന്ധിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി ജനറൽ സെക്രെട്ടറി അഡ്വ പഴകുളം മധു. രണ്ടാം പിണറായി സർക്കാരിന്‍റെ വികസന മാതൃക ഇടതുപക്ഷ ബദലായി ദേശീയതലത്തിൽ ഉയർത്തിക്കാട്ടണമെന്ന കണ്ണൂർ പാർട്ടി കോൺഗ്രസ്സ് തീരുമാനത്തിനൊപ്പമാണോ പിണറായി വിജയന്‍റെ ഗുജറാത്ത് മോഡലിനൊപ്പമാണോ ഡിവൈഎഫ്ഐ എന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നത്തെ ഗുജറാത്തിൽ നടക്കുന്നത് വർഗീയതയുടെയും വിദ്വേഷത്തിന്‍റെയും വ്യാപരമാണ്. മോദിയാണ് ആ മോഡലിന്‍റെ സ്ഥാപകൻ. ലോകം അംഗീകരിച്ച കേരള മോഡലിനെ തള്ളിപ്പറഞ്ഞു ഇലക്ഷൻ നടക്കാനിരിക്കുന്ന ഗുജറാത്തിലെ ബിജെപിക്ക് ഊർജം പകരുന്ന തീരുമാനമാണ് സിപിഎം ഭരിക്കുന്ന കേരളം സ്വീകരിച്ചത്. അത് തള്ളിപ്പറയാൻ ഡ വൈ എഫ് ഐ തയാറാവണം. പൊതിച്ചോറും ബിരിയാണി ചലഞ്ചും നടത്തി യുവാക്കൾ പ്രതികരിക്കേണ്ട വിഷയങ്ങളിൽ എല്ലാം സർക്കാർ വിലാസം സംഘടനയായി മാറിയ ഡി വൈ എഫ് ഐ അടിമത്തം വിട്ട് പുറത്തുവരണം. ബിജെപിക്കും വർഗീയതക്കും എതിരെ കവല പ്രസംഗം നടത്തുന്ന ഡി വൈ എഫ് ഐ നേതാക്കൾ കേരള മുഖ്യമന്ത്രിയുടെ ഗുജറാത്ത് മോഡലിനെ തള്ളിപ്പറഞ്ഞു ആത്മാർത്ഥത തെളിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ എല്ലാ അഴിമതികളെയും പിന്തുണക്കുകയും വ്യവസ്ഥിതിയെ വാഴ്ത്തുകയും ചെയ്യുന്ന സമീപനം മാറ്റി പ്രതികരിക്കുന്ന സംഘടനയാവാനാണ് ഡിവൈഎഫ്ഐ ശ്രമിക്കേണ്ടത്. പത്തനംതിട്ടയിൽ പണം വാരിയെറിഞ്ഞു ധൂർത്തിന്‍റെ കുംഭ മേള നടത്തുന്ന ഡിവൈഎഫ്ഐ സിപിഎമ്മിന്‍റെ വഴിയെ തീവ്ര വലതുപക്ഷ സ്വഭാവം പുറത്തെടുത്തിരിക്കുന്നു. സംഘടനയെ വിശ്വസിക്കുന്ന യുവാക്കളെ വഞ്ചിക്കുന്ന ഡിവൈഎഫ്ഐ പത്തനംതിട്ട സമ്മേളനത്തിൽ തനി നിറം കാണിക്കുകയാണ് ഉണ്ടായതെന്നും പഴകുളം മധു കുറ്റപ്പെടുത്തി.