പയ്യന്നൂർ ഫണ്ട് തിരിമറി: പി ജയരാജന്‍റെ അനുനയ നീക്കം പാളി; അടുക്കാതെ കുഞ്ഞികൃഷ്ണന്‍

Jaihind Webdesk
Monday, June 20, 2022

കണ്ണൂർ: പയ്യന്നൂർ സിപിഎം ഫണ്ട് തിരിമറിയില്‍ പി ജയരാജന്‍റെ അനുനയ നീക്കം പാളി. പൊതു പ്രവർത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് പി ജയരാജനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുൻ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ടി.ഐ മധുസൂദനൻ എംഎൽഎക്കെതിരെ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

പി ജയരാജൻ കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തിയെങ്കിലും പൊതു പ്രവർത്തനം അവസാനിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുകയായിരുന്നു. ഫണ്ട് വിവാദത്തില്‍ കുഞ്ഞിക‍ൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നേതൃത്വത്തിന്‍റെ നീക്കം ഇതോടെ പാളി. പയ്യന്നൂർ കേളോത്തെ ഖാദി സെന്‍ററിൽ വെച്ചാണ് പി ജയരാജനും കുഞ്ഞികൃഷ്ണനും കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച  പത്ത് മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. പൊതു പ്രവർത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.ടി.ഐ മധുസൂദനൻ എംഎൽഎക്കെതിരെ ശക്തമായ നടപടിവേണമെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് സൂചന.

എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന ഫണ്ട് തിരിമറി പുറത്തുകൊണ്ടുവന്ന എരിയാ സെക്രട്ടറിയെ പുറത്താക്കിയതിൽ സിപിഎം അണികൾക്കിടയിൽ അമർഷം പുകയുന്നതിനിടയിലാണ് കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം ആരംഭിച്ചത്. കുഞ്ഞികൃഷ്ണൻ പൊതു ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെ സിപിഎം പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലടക്കം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ആരോപണ വിധേയനായ ടി.ഐ മധുസൂദനൻ എംഎൽഎയോടൊപ്പം പരാതിക്കാരനായ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണന് എതിരെയും നടപടി എടുത്തത് അണികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിലായത്. ആരോപണ വിധേയയരെയും പരാതിക്കാരനെയും ഒരുപോലെ കണ്ട് നടപടി എടുത്തതിനെതിരെ രൂക്ഷമായ എതിർപ്പാണ് ഉയരുന്നത്. ഇതിനെ തുടർന്നാണ് കുഞ്ഞികൃഷ്ണനുമായി പാർട്ടി ചർച്ച നടത്തിയത്. എന്നാൽ കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചർച്ച നടത്തിട്ടില്ലെന്നാണ് പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നീക്കം പാർട്ടി നേതൃത്വം ഇനിയും തുടരും.