‘പായിപ്പാട് സംഭവം ഇന്‍റലിജന്‍സ് വീഴ്ച; ജനങ്ങള്‍ക്ക് അത്യാവശ്യമായി നല്‍കേണ്ടത് ഭക്ഷണവും വെള്ളവും’ : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, March 30, 2020

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയ സംഭവം ഇന്‍റലിജന്‍സ് വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്‍റലിജന്‍സ് ഇക്കാര്യം അറിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ അടിയന്തരമായി ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ സർക്കാർ ജാഗ്രത പുലർത്തണം. മദ്യമല്ല, ജനങ്ങള്‍ക്ക് അത്യാവശ്യം ഭക്ഷണവും കുടിവെള്ളവുമാണ്. കുടി വെള്ള ക്ഷമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറില്‍ വെള്ളം എത്തിക്കണം. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക വർഷം മൂന്ന് മാസം കൂടി നീട്ടുന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്കുമായി ചര്‍ച്ച ചെയ്തു. കാരുണ്യ പദ്ധതി കാലാവധി നാളെ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ഇത് നീട്ടാനുള്ള ഉത്തരവ് ഇറക്കണം. കേരള-കർണാടക അതിർത്തിയിലെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.