വിടവാങ്ങിയത് ‘ഖാസ്മി’ എന്ന ലോക ഫാഷന്‍ ബ്രാന്‍ഡ് ; കബറടക്കത്തിന് ആയിരങ്ങള്‍

B.S. Shiju
Thursday, July 4, 2019

ഷാര്‍ജ : ഭരണാധികാരിയുടെ മകന്‍ ഷെയ്ഖ് ഖാലിദിന്‍റെ (39) കബറടക്കം അല്‍ ജുബൈല്‍ സെമിത്തേരിയില്‍ പൂര്‍ത്തിയായി. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്ത പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് , കിങ് ഫൈസല്‍ പള്ളി സാക്ഷ്യം വഹിച്ചു. ഇതോടെ, ഖാസ്മി എന്ന ലോക ഫാഷന്‍ ബ്രാന്‍ഡിന് പിറവി കൊടുത്ത യുവ ഫാഷന്‍ ഡിസൈനറായ രാജകുമാരന്‍ ഓര്‍മ്മയായി.

ഷാര്‍ജ നഗരത്തിന്റെ അടയാളങ്ങളില്‍ ഒന്നായ, കിങ് ഫൈസല്‍ മസ്ജിദിലാണ് , ഷെയ്ഖ് ഖാലിന്റെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരിമാരും കിരീടാവകാശികളും, മറ്റു രാജകുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് , ഷാര്‍ജ അല്‍ ജുബൈല്‍ സെമിത്തേരിയിലായിരുന്നു സംസ്‌കര ചടങ്ങുകള്‍. സ്വദേശികളും വിദേശികളുമായ ആയിരങ്ങള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്കും കുടുംബത്തിനും ഇവര്‍, ബദിയ രാജകൊട്ടാരത്തില്‍ നേരിട്ടെത്തി, അനുശോചനം അറിയിച്ചു. വിവിധ വകുപ്പ് മന്ത്രിമാരും ഗവര്‍മെന്റിലെ മുതിര്‍ന്ന ഉദ്യോസ്ഥരും ചടങ്ങുകളില്‍ സംബന്ധിച്ചു.

ഒമ്പതാം വയസ്സിലാണ് പഠനത്തിനായി ഷെയ്ഖ് ഖാലിദ് ലണ്ടനിലേക്ക് പോയത്. അവിടെ ടോണ്‍ബ്രിഡ്ജ് സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഫ്രഞ്ചും സ്പാനിഷും ഫാഷന്‍ ഡിസൈനിങ്ങും പഠിച്ചു. സ്വന്തമായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു തുടങ്ങിയ ഷെയ്ഖ് ഖാലിദ് , പിന്നീട് ഖാസിമിയെന്ന എന്ന ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ പുറത്തിറക്കി. ലോകത്തെ 30 പ്രമുഖ നഗരങ്ങളില്‍ ഇത് വലിയ ഡിമാന്റുള്ള ബ്രാന്‍ഡാക്കി മാറ്റി. ഇതിനിടെ, ലണ്ടന്‍, പാരീസ് ഫാഷന്‍ വീക്കുകളില്‍ നിരവധി രാജ്യാന്തര അവാര്‍ഡുകളും നേടി. തുടര്‍ന്ന്, ഷാര്‍ജ അര്‍ബന്‍ പ്ളാനിങ് കൗണ്‍സില്‍ ചെയര്‍മാനായി, ഷാര്‍ജയുടെ പുതിയ വികസന പദ്ധതികളില്‍, സജീവമായി വരുന്നതിനിടെയാണ് ,ഈ മുപത്തിയൊമ്പതുകാരന്‍ വിട വാങ്ങിയത്.

ഇപ്രകാരം, ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍റെ രണ്ട് ആണ്‍ മക്കളുടെയും മരണം ലണ്ടനില്‍ വെച്ചായിരുന്നു. അതും 20 വര്‍ഷത്തെ ഇടവേളയില്‍. മൂത്ത മകന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസ്മിയെ മരണം തട്ടിയെടുത്തത് 1999 വര്‍ഷത്തിലായിരുന്നു. അന്ന്, ഇരുപത്തിയഞ്ചുകാരനായ യുവ രാജാവിന്‍റെ മരണം, അല്‍ ഖാസ്മി കുടുംബത്തെ പോലെ , ലോകത്തെയും പ്രത്യേകിച്ച് , കേരളം എന്ന കൊച്ചു കരയെയും ഏറെ വേദനിപ്പിച്ചിരുന്നു. കാരണം, അത്രയ്ക്ക് അടുത്ത ബന്ധമാണ് അല്‍ ഖാസ്മി എന്ന ഈ റോയല്‍ കുടുംബത്തിന് ഇന്ത്യന്‍ സമൂഹത്തോടും പ്രത്യേകിച്ച് മലയാളികളോടും ഉണ്ടായിരുന്നത്. ഇപ്പോള്‍, കൃത്യം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, 2019 ല്‍ മറ്റൊരു മകന്‍ കൂടിയായ ഷെയ്ഖ് ഖാലിദും യാത്രയായി. മനുഷ്യസ്‌നേഹിയും , പുസ്തകങ്ങളുടെയും എഴുത്തിന്റെയും അറബ് പിതാവ് കൂടിയായ ഷെയ്ഖ് സുല്‍ത്താനെ പോലെ, മലയാളികളോട് ഏറെ അടുപ്പവും കരുതലും കാണിച്ച പുതിയ തലമുറക്കാരനായിരുന്നു ഷെയ്ഖ് ഖാലിദ്.