‘വാർഷികത്തിന് കോടികള്‍ പൊടിക്കുന്നതിന് പകരം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കൂ’; കെഎസ്ആർടിസിയിലെ പ്രതികാര നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, April 1, 2023

 

ശമ്പളം നല്‍കാത്തതില്‍ ജോലി ചെയ്തുകൊണ്ടുതന്നെ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ പ്രതികാര നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  ‘ശമ്പള രഹിത സേവനം നാൽപ്പത്തി ഒന്നാം ദിവസം’ എന്ന് എഴുതി യൂണിഫോമിൽ പിൻ ചെയ്ത് വെച്ചതിന് വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖിലയെ പാലായിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. സർക്കാരിനെയും കോർപറേഷനെയും അപകീർത്തിപ്പെടുത്തി എന്നാരോപിച്ചായിരുന്നു പ്രതികാര നടപടി. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാരിന്‍റെ വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലും കെഎസ്ആർടിയെ കൈവിടുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ശമ്പളം നല്‍കാന്‍ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ധനവകുപ്പ് നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

41 ദിവസം ജോലി ചെയ്തു. മാസ ശമ്പളം കിട്ടിയില്ല. ജോലി ചെയ്താൽ കൂലി കിട്ടണം. കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങും.

ശമ്പള രഹിത സേവനം നാൽപ്പത്തി ഒന്നാം ദിവസമെന്ന് ഒരു തുണ്ടുകടലാസിൽ യൂണിഫോമിൽ പിൻ ചെയ്ത് വച്ചതാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില . എസ്.നായർ ചെയ്ത വലിയ തെറ്റ് . വൈക്കത്ത് നിന്ന് പാലയിലേക്ക് സ്ഥലം മാറ്റി നടപടിയും എടുത്തു. ചെയ്ത ജോലിക്ക് ശമ്പളം നൽകുന്നതിനേക്കാൾ ആർജ്ജവത്തോടെ ശമ്പളം ചോദിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന പൊതുമേഖല സ്ഥാപനമാണ് KSRTC.

സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത ? ആവശ്യത്തിനും അനാവശ്യത്തിനും സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സി.പി.എം നേതാക്കൾക്ക് എന്ത് പറയാനുണ്ട് ? തൊഴിലാളി വർഗത്തിന്റെ കരുത്തിൽ നിന്ന് ഉയർന്നു വന്നവരാണെങ്കിൽ , നിങ്ങൾ ഇപ്പോൾ തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്. സർക്കാരിന്റെ വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂ .