വിഭജന ഭീകരതയുടെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് എന്‍സിഇആര്‍ടി സ്‌കൂളുകള്‍ക്കായി പുറത്തിറക്കിയ പ്രത്യേക പാഠ്യപദ്ധതിക്ക് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ രേഖകള്‍ കത്തിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിഭജനത്തിന് കാരണം കോണ്‍ഗ്രസ് ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
‘ഈ രേഖകള്‍ സത്യം പറയുന്നില്ല, അതിനാല്‍ അത് കത്തിക്കണം. ഹിന്ദു മഹാസഭയും മുസ്ലീം ലീഗും തമ്മിലുള്ള ഗൂഢബന്ധമാണ് ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ചത്,’ പവന്‍ ഖേര പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തിന് ഒരു ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഭജനം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് 1938-ല്‍ ഹിന്ദു മഹാസഭയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. ഇത് 1940-ല്‍ മുസ്‌ളിം ലീഗ് നേതാവ് മുഹമ്മദലി ജിന്ന ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ഖേര ചൂണ്ടിക്കാട്ടി. എന്‍സിഇആര്‍ടിയുടെ പുതിയ പാഠഭാഗം ഈ ചരിത്രവസ്തുതകളെ തമസ്‌കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.