നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി പവൻ ജല്ലാദ്

Jaihind News Bureau
Friday, March 20, 2020

രാവിലെ 5.30 ന് തീഹാർ ജയിലിൽ പവൻ ജല്ലാദാണ് നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി ശിക്ഷ നടപ്പിലാക്കിയത്. നാല് കുറ്റവാളികളെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്.

അവസാന മണിക്കൂറുകളിൽ പോലും അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങൾക്കൊടുവിലാണ് നിർഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റിയത്. മുകേഷ് കുമാർ സിംഗ്, അക്ഷയ് താക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത എന്നീ പ്രതികളുടെ വധശിക്ഷ ഇന്ന് പുലർച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പിലാക്കുകയായിരുന്നു. സുപ്രീംകോടതിയിൽ കുറ്റവാളികൾക്കായി സമർപ്പിക്കപ്പെട്ട അവസാന ഹർജിയും തള്ളിയതോടെ പുലർച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തീഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ആരാച്ചാർ പവൻ കുമാറും ഈ യോഗത്തിൽ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി. ജയിൽ മാനുവൽ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാർ ജയിലധികൃതർ അറിയിച്ചു.

വെവ്വേറെ സെല്ലുകളിലായിരുന്നു മുകേഷ് കുമാര്‍ സിങ് (32) പവന്‍ ഗുപ്ത (25) വിനയ് ശര്‍മ (26) അക്ഷയ് കുമാര്‍ സിങ് (31) എന്നീ പ്രതികള്‍. നാലുപേരും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല. മുഴുവന്‍ സമയം ഉറങ്ങിയില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ചട്ടപ്രകാരം അവസാന ആഗ്രഹം ചോദിച്ചിരുന്നു. എന്നാല്‍ നാലുപേരും അറിയിച്ചില്ലെന്നാണ് തിഹാര്‍ ജയില്‍ ഡയറക്ടറുടെ വിശദീകരണം.
പ്രാർത്ഥിക്കാനായി 10 മിനിറ്റ് നൽകുന്നതടക്കം എല്ലാ നടപടിക്രമങ്ങൾക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്. കൃത്യം ആറ് മണിക്ക് തന്നെ മൃതദേഹങ്ങൾ കഴുമരത്തിൽ നിന്ന് നീക്കം ചെയ്തു. ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികള്‍ നടക്കുക. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്.

അഞ്ചു തലമുറകളായി ഇന്ത്യൻ ജയിലുകൾക്ക് ആരാച്ചാരെ സംഭാവന ചെയ്തിട്ടുള്ള കുടുംബമാണത്. പലരെയും ഇതിനുമുമ്പും പവൻ തൂക്കിലേറ്റിയിട്ടുണ്ട് . അന്നൊക്കെ ചിലപ്പോഴെങ്കിലും, മനസ്സൊന്നു പിടച്ചിട്ടുണ്ടെങ്കിലും ഈ നാലുപേരുടെ കാര്യത്തിൽ അത്തരത്തിൽ ഒരു മനസ്സാക്ഷിക്കുത്തും തനിക്ക് തോന്നുന്നില്ലെന്ന് ശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് പവൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മനസ്താപം തോന്നാൻ വേണ്ടി ഇവന്മാർ മനുഷ്യരാണ് എന്നുപോലും ഇതുവരെ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്രക്ക് ഹീനമായിട്ടാണ് ഇവർ ആ പെൺകുട്ടിയെ ഉപദ്രവിച്ചതെന്നും അതിനൊക്കെയുള്ള ശിക്ഷയായിട്ടാണ് അവർ ഇപ്പോൾ തൂക്കിലേറാൻ പോകുന്നതും അദ്ദേഹം കൂട്ടിച്ചേർത്തു.

കടുത്ത ശിക്ഷകൾ നടപ്പിലാക്കപ്പെട്ടാൽ മാത്രമേ ഇവിടെ കുറ്റങ്ങൾക്ക് ശമനമുണ്ടാകൂ. അവർക്ക് തടവുശിക്ഷ വിധിച്ച് അകത്തിട്ടാൽ, കുറച്ചുകാലം കഴിയുമ്പോൾ എന്തെങ്കിലും സ്വാധീനങ്ങൾ ചെലുത്തി അവർ പുറത്തുവരികയും വീണ്ടും കുറ്റങ്ങൾ ആവർത്തിക്കുകയും ചെയ്യും. ഇവർ ചെയ്തതുപോലെ ഹീനമായ കുറ്റങ്ങൾ ചെയ്യുന്നവരെ കാലതാമസം കൂടാതെ തൂക്കിലേറ്റണം. അങ്ങനെ ചെയ്‌താൽ അതൊരു മറ്റുള്ളവർക്കും അതൊരു പാഠമായിരിക്കും, ഇങ്ങനെ ചെയ്‌താൽ ഇതായിരിക്കും വിധി എന്ന താക്കീതും… പവന്‍ പറഞ്ഞു.

യുപി ജയിലില്‍ അയ്യായിരം രൂപ മാത്രം മാസ ശമ്പളമുള്ള പവന് ഒരാളെ കഴുവേറ്റിയതിനു തിഹാര്‍ അധികൃതര്‍ നല്‍കുക ഇരുപത്തിഅയ്യായിരം രൂപയാണ്. നാല് പ്രതികളെ തൂക്കിലേറ്റിയതിന് ഒരു ലക്ഷം രൂപ ലഭിക്കും. ഈ പണംകൊണ്ട് മകളുടെ വിവാഹം നടത്തണമെന്നാണ് പവന്‍ ജല്ലാദിന്‍റെ ആഗ്രഹം.