പാവറട്ടി കസ്റ്റഡി മരണക്കേസ് അന്വേഷണം സിബിഐക്ക്

Jaihind News Bureau
Wednesday, October 9, 2019

പാവറട്ടി കസ്റ്റഡി മരണക്കേസ് അന്വേഷണം സിബിഐക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഇനി ഉണ്ടാകുന്ന കസ്റ്റഡി മരണങ്ങൾ സിബിഐക്ക് കൈമാറാനും തീരുമാനം ആയി.

കസ്റ്റസി മരണങ്ങൾ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് പാവറട്ടി കസ്റ്റഡി മരണം സിബിഐ ക്ക് വിടാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്‍റെ ഏതെങ്കിലും സേനാ വിഭാഗങ്ങൾക്ക് കീഴിൽ കസ്റ്റഡി മരണങ്ങൾ ഉണ്ടായാൽ അത് സിബിഐ അന്വേഷിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. കസ്റ്റഡി മരണങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് മതിയോ സിബിഐ വേണോ എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സുപ്രധാനമായ തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തിയത്.

മലപ്പുറം തിരൂർ സ്വദേശിയായ രഞ്ജിത് എക്സൈസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ ബന്ധുക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 7 എക്സൈസ് ഉദ്യാഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളായ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഇന്നലെയും രണ്ട് പേർ ഇന്നും അറസ്റ്റിലായിരുന്നു.

ഇനി സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങൾ ഉണ്ടായാൽ സുപ്രീം കോടതി വിധി പ്രകാരം അതും സി ബി ഐ ക്ക് വിടും. നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം നേരത്തെ സിബിഐക്ക് വിട്ടിരുന്നു. മുൻ കാല പ്രാബല്യത്തിൽ മറ്റ് കസ്റ്റഡി മരണക്കേസുകളും സിബിഐയ്ക്ക് വിടുമോ എന്ന കാര്യം വ്യക്തമല്ല.

ഈ മാസം 28 മുതൽ നവംബർ 22 വരെ നിയമസഭാ സമ്മേളനം ചേരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും.