24ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ വനിതാ പ്രാതിനിധ്യത്തില്‍ കേരളത്തിന് രൂക്ഷ വിമര്‍ശനം. സംസ്ഥാന സമിതിയില്‍ വനിതകളുടെ എണ്ണം 12 മാത്രമെന്നും ഇപ്പോഴും പുരുഷാധിപത്യം സ്ത്രീകളുടെ കടന്നു വരവിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
പാര്‍ട്ടിയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാന സമിതിയില്‍ വനിതകളുടെ എണ്ണം 12 മാത്രമാണുള്ളത്. ആകെ അംഗങ്ങളുടെ 13.5 ശതമാനം മാത്രമാണിതെന്നും ഇത് വളരെ കുറവാണെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി കമ്മറ്റിയില്‍ 25 ശതമാനം വനിതകളെന്ന കൊല്‍ക്കത്ത പ്ലീനം നിര്‍ദേശം നടപ്പായില്ല എന്നും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സ്ത്രീകള്‍ പദവികളിലേക്കെത്തുന്നതില്‍ പുരുഷാധിപത്യം തടസ്സം സൃഷ്ടിക്കുന്നുണ്ട്. സ്ത്രീകളുടെ പദവികള്‍ തടയുന്നത് ഈ പുരുഷാധിപത്യ പ്രവണതകളാണ് എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി പരിപാടികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പദവികളിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും അവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നുണ്ട്.
കേരളത്തില്‍ ഇപ്പോഴും സ്ത്രീ പ്രതിനിധ്യം 13.5 ശതമാനത്തില്‍ താഴെ ഉള്ളപ്പോള്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യം ഇതിനേക്കാള്‍ കൂടുതലാണ്.അതേസമയം മഹിളാ സംഘടനകളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനം ആയി കണക്കാക്കുന്നില്ലെന്നും സ്ത്രീകളുടെ പ്രവര്‍ത്തനം പാര്‍ട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. പുരുഷന്മാരുടെ പരിപാടികള്‍ ഉണ്ടെങ്കില്‍ മഹിളാ സംഘടനയുടെ പരിപാടി മാറ്റുന്നു. വനിത സഖാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ കുടുംബ ഉത്തരവാദിത്തങ്ങള്‍ കൂടി നിര്‍വഹിക്കേണ്ടതാണെന്ന് പരിഗണിക്കുന്നില്ലെന്നും രൂക്ഷ വിമര്‍ശനമുണ്ട്. സ്ത്രീകള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഹിന്ദി സംസ്ഥാനങ്ങളിലെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. മൂന്ന് വര്‍ഷം മുന്‍പുള്ള അവസ്ഥയില്‍ തന്നെ കാര്യങ്ങള്‍ തുടരുകയാണ്. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും വിഷയം ചര്‍ച്ച ആയെങ്കിലും കാര്യമായ മാറ്റം ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് അടക്കം സംഘടന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.