ശ്രീനഗറിലെ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ രോഗിയുടെ ബന്ധു മര്‍ദ്ദിച്ചതായി പരാതി. ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലാണ് സംഭവം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നതിനിടയില്‍ ഇയാള്‍ മുറിയിലേക്ക് പ്രവേശിക്കുന്നതും തുടര്‍ന്ന് ഡോക്ടറെ ഇടിച്ച് നിലത്ത് വീഴ്ത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ജമ്മുകശ്മീരില്‍ ഒരാഴ്ച്ചയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
കഴിഞ്ഞയാഴ്ച ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ ആരോപിച്ച് ഒരു വനിതാ ഡോക്ടറെ ആക്രമിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും നേരെയുള്ള ആക്രമണ പരമ്പര വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.