ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നൂലുകള്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ ആരോഗ്യവകുപ്പെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം ഇതിന്റെ തുടര്‍ച്ചയാണെന്നും, ആരോഗ്യവകുപ്പിനും അതിന്റെ തലപ്പത്തുള്ളവര്‍ക്കും ചികിത്സ വേണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
സര്‍ജറി ചെയ്താല്‍ തുന്നിക്കെട്ടാന്‍ നൂല് പോലുമില്ലാത്ത ഗതികെട്ട അവസ്ഥയിലാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് ഇപ്പോഴുള്ളത്. അടിമുടി ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനും വകുപ്പിന്റെ തലപ്പത്തുള്ളവര്‍ക്കുമാണെന്ന തിരിച്ചറിവിലേക്ക് ഈ നാട് എത്തിക്കഴിഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം ഇതിന്റെ തുടര്‍ച്ച മാത്രമാണ്
കാട്ടാക്കട സ്വദേശിനിയായ സുമയ്യയുടെ തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്തത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ്. ഗ്രന്ഥി നീക്കം ചെയ്തപ്പോള്‍ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ധമനികളുമായി ഒട്ടിച്ചേര്‍ന്ന ഗൈഡ് വയര്‍ ഇനി തിരികെ എടുത്താല്‍ ഹൃദയത്തെ ഉള്‍പ്പെടെ ബാധിക്കുന്ന അവസ്ഥയിലാണുള്ളത്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കുടിശ്ശികയായ 34.90 കോടി രൂപ സര്‍ക്കാര്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നുമുതല്‍ അത്യാഹിത വിഭാഗത്തില്‍ ആന്‍ജിയോപ്ലാസ്റ്റി നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായെന്ന വാര്‍ത്ത കൂടി പുറത്തുവരുന്നത് അത്യന്തം ഗൗരവകരമായ സാഹചര്യമാണ് ആരോഗ്യമേഖലയിലുള്ളതെന്ന് വെളിവാക്കുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലാകട്ടെ കരാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ആ വിവരം ആരോഗ്യ മന്ത്രിയോട് നേരിട്ടറിയിച്ചവരുടെ പേരില്‍ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലാകട്ടെ, മരുന്നുകള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. മണിക്കൂറുകള്‍ ക്യൂ നിന്ന് ഫാര്‍മസിയുടെ മുന്നിലെത്തുന്ന രോഗികള്‍ ഒടുക്കം ചുമയ്ക്കുള്ള സിറപ്പ് പോലും ലഭ്യമല്ലെന്നറിയുമ്പോള്‍ ഫാര്‍മസിസ്റ്റുമായി വാക്കുതര്‍ക്കമുണ്ടാക്കുന്നത് പതിവ് കാഴ്ചയാണ്.
നിരന്തരം വീഴ്ചകളുണ്ടായിട്ടും തൃപ്തികരമായ ഒരു മറുപടി പോലും തരാന്‍ കഴിയാതെ സിസ്റ്റത്തെ പഴിച്ച് രക്ഷപ്പെടുകയാണ് ആരോഗ്യവകുപ്പ് മന്ത്രി. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ, അത് ചൂണ്ടിക്കാണിക്കുന്നവരെ വേട്ടയാടുന്ന പ്രവണതയുടെ പേര് കൂടിയാണ് ഇന്നത്തെ ആരോഗ്യമന്ത്രിയുടേത്. തുടര്‍ച്ചയായ വീഴ്ചകളില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കുകയെന്ന മര്യാദയാണ് മന്ത്രി കാണിക്കേണ്ടത്. ഇനിയും മനുഷ്യ ജീവനുകള്‍ വെച്ച് പന്താടുന്നത് അനുവദിക്കാന്‍ കഴിയില്ല.